സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധികളിൽ നിന്നു നിർമാണ മേഖല തിരിച്ചുവരുന്നതിനിടെ, ജനങ്ങളെ ദുരിതത്തിലാക്കി സംസ്ഥാനത്ത് സിമന്റിന്റെ വില കുതിച്ചുയരുന്നു. രണ്ടു ദിവസത്തിനിടെ മാത്രം ചാക്കിനു 125 രൂപയോളമാണ് വില വർധിച്ചത്.
ഇന്ധന വിലക്കയറ്റവും അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവുമാണ് വില കൂടാൻ കാരണമെന്നാണ് സിമന്റ് കന്പനികളുടെ വാദം. എന്നാൽ കന്പനികൾ അന്യായമായി വില കൂട്ടുകയാണെന്നു വ്യാപാരികളും കുറ്റപ്പെടുത്തുന്നു.
കോവിഡ് പ്രതിസന്ധി തുടങ്ങുന്നതിനു മുന്പ് ഒരു ചാക്ക് സിമന്റിനു 390 രൂപ വരെയായിരുന്നു പരമാവധി വില. മാസങ്ങൾ പിന്നിട്ടതോടെ ഇത് 440 രൂപയായി.
കന്പനികൾ വ്യാപാരികൾക്ക് നൽകുന്ന ഇളവുകൾ കുറച്ച് ചാക്കിനു 400 രൂപ വരെയുള്ള നിരക്കിലായിരുന്നു വ്യാപാരികൾ ഇതുവരെ വിറ്റിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ഇത് 525 രൂപയായി വർധിക്കുകയായിരുന്നു.
നിലവിലുള്ള സ്റ്റോക്ക് പഴയ വിലയ്ക്ക് തന്നെ വിൽക്കാനാകുമെങ്കിലും രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പുതിയ വിലയ്ക്കു തന്നെ വിൽക്കേണ്ട അവസ്ഥയിലാണെന്നു വ്യാപാരികൾ പറയുന്നു.
സിമന്റിനു തോന്നുന്ന വിധത്തിൽ വില നിർണയിക്കാൻ സ്വകാര്യ കന്പനികൾക്ക് കഴിയുമെന്നതിനാലാണ് ഇത്തരത്തിൽ വിലക്കയറ്റം രൂക്ഷമാകുന്നത്.
സ്വകാര്യ കന്പനികൾ വില കൂട്ടുന്നതിന് അനുസരിച്ച് മലബാർ സിമന്റ് അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളും വില കൂട്ടാൻ നിർബന്ധിതരാകും.
അതിനാൽ വില നിയന്ത്രിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കരാറുകാരും വ്യാപാരികളും മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും വ്യാപാരികൾ പരാതി നൽകിയിട്ടുണ്ട്.