മുക്കം: ഓൺലൈൻ ക്ലാസിനിടയിൽ സാമൂഹികവിരുദ്ധർ നുഴഞ്ഞുകയറി അശ്ലീല സന്ദേശങ്ങൾ എഴുതിവിട്ടതായി പരാതി. മാവൂർ ഗവ.ഹയർ സെക്കന്‍ഡറി സ്കൂൾ ഒന്‍പതാം ക്ലാസ് വിദ്യാർഥികൾക്കും അധ്യാപകർക്കുമാണ് ഇത്തരത്തിലൊരു ദുരനുഭവം നേരിട്ടത്.
തിങ്കളാഴ്ച വൈകുന്നേരം നടത്തിയ ഓൺലൈൻ ക്ലാസിലാണ് കണ്ടാൽ അറക്കുന്ന വിധത്തിലുള്ള സന്ദേശങ്ങൾ കാണാനിടയായത്.അശ്ലീല സന്ദേശങ്ങൾ കണ്ടതോടെ എന്താണ് സംഭവിച്ചതെന്നറിയാതെ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ആദ്യമൊന്നു പകച്ചു.
പിന്നീട് ഉടൻ തന്നെ അധ്യാപകർ ക്ലാസ് നിർത്തിവയ്ക്കുകയായിരുന്നു. തുടർന്ന് ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കുകയും മാവൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു.
മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രി, ജില്ലാ കളക്ടര്‍ എന്നിവർക്കും പരാതി നൽകാനും തീരുമാനിച്ചു.അതേസമയം ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി അശ്ലീല സന്ദേശങ്ങൾ ഇട്ടവർക്കെതിരെ ശക്തമായ സൈബർ വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് മാവൂർ പോലീസ് ഇൻസ്പെക്റ്റർ കെ.വിനോദൻ അറിയിച്ചു.