ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എങ്ങും തരംഗമാവുകയാണ് ‘മാണികെ മാഗെ ഹിതേ’… എന്ന ഗാനം. ഏവരും മൂളുന്ന ഈ ഗാനം ഏതു സിനിമയിലേതാണെന്നാലോചിച്ച് തലപുകയ്ക്കുന്നവരാണ് മിക്കവരും.
കേട്ടിട്ട് ഏതെങ്കിലും തമിഴ് സിനിമയിലെ പാട്ടാണെന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ വന്‍ഹിറ്റായ ഈ പാട്ട് ഒരു ശ്രീലങ്കന്‍ ഗാനമാണ്. പാടിയിരിക്കുന്ന ആ സുന്ദര ശബ്ദത്തിന്റെ ഉടമയാവട്ടെ യൊഹാനി ഡിസില്‍വ എന്ന ഗായികയും.
സതീശന്‍ എന്ന ഗായകനാണ് യൊഹാനിയുടെ ഒപ്പം പാടുന്നത്. ഡുലന്‍ ആര്‍ക്‌സ്(ഡുലന്‍ജാ ആല്‍വിസ്) രചന നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നത് ചമത് സംഗീത് ആണ്.
‘മാണികെ മാഗെ ഹിതെ’യും യൊഹാനിയും ഇപ്പോള്‍ ആളുകളുടെ നെഞ്ചില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഒരു യൂട്യൂബറായി മ്യൂസിക് കരിയര്‍ ആരംഭിച്ച ആളാണ് ഇപ്പോള്‍ 28 വയസുള്ള യൊഹാനി.
‘ദേവിയാന്‍ഗെ ബാരെ’ എന്ന കവര്‍ സോങ്ങിലൂടെയാണ് യൊഹാനി ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. പിന്നെ നിരവധി കവര്‍ സോങ്ങുകളിലൂടെ ‘റാപ് പ്രിന്‍സസ് ഓഫ് ശ്രീലങ്ക’ എന്ന വിശേഷണവും താരം സ്വന്തമാക്കി.
പിന്നീടായിരുന്നു ‘മാണികെ മാഗെ ഹിതെ’ വരുന്നത്. ഇതോടെ യൊഹാനിയെ ലോകം അറിഞ്ഞു. യൂട്യൂബില്‍ 2.7 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് എന്ന നേട്ടം കരസ്ഥമാക്കുന്ന ആദ്യ ശ്രീലങ്കന്‍ ഗായികയും യൊഹാനിയാണ്.
എആര്‍ റഹ്മാനെ ഏറെ ആരാധിക്കുന്ന യൊഹാനിയുടെ ആഗ്രഹം ബോളിവുഡില്‍ മികവു തെളിയിക്കുക എന്നതാണ്..
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 29ന് യൊഹാനി തന്റെ ആദ്യ ബോളിവുഡ് ഗാനം റെക്കോഡു ചെയ്തു. ജനപ്രിയ ഭക്തി പരമ്പരയില്‍ പരമശിവനായി അഭിനയിച്ച മോഹിത് റെയ്‌ന നായകനാകുന്ന ഷിദാത്ത് എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അത്. എന്തായാലും ഒരു തിളക്കമുള്ള കരിയര്‍ യൊഹാനിയെ കാത്തിരിക്കുന്നുണ്ടെന്ന് തീര്‍ച്ച.