ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായ മയക്കുമരുന്ന് കേസ് കെട്ടിച്ചമയ്ക്കപ്പെട്ടതെന്ന് ഒരു വിഭാഗം ആളുകള്‍ ആരോപണമുയര്‍ത്തുമ്പോള്‍ കൃത്യമായ മറുപടിയുമായി എന്‍സിബി തലവന്‍ സമീര്‍ വാങ്കഡെ.
ആഡംബര കപ്പലില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചു എന്നത് കെട്ടിച്ചമച്ച കഥ മാത്രമാണെന്ന് എന്‍സിപി നേതാവ് നവാബ് മാലിക്ക് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
എന്നാല്‍ രാജ്യത്ത് നിലവിലുള്ള നിയമം അനുസരിച്ചാണ് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തതെന്നും ഈ കേസില്‍ അകത്തായ ഒന്‍പത് പേരെയും നിയമവിധേയമായി തന്നെയാണ് അറസ്റ്റ് ചെയ്തതെന്നും വാങ്കഡെ വ്യക്തമാക്കി.
എന്‍സിബി താരപുത്രന്മാരും പ്രശസ്തരും ഉള്‍പ്പെട്ട കേസുകള്‍ മാത്രമാണ് അന്വേഷിക്കുന്നതെന്നും ചിലര്‍ ആരോപിച്ചിരുന്നു.
എന്നാല്‍ തങ്ങളെല്ലാവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ മാത്രമാണ് പിടികൂടിയിട്ടുള്ളതെന്നും സമീര്‍ വാങ്കഡെ വ്യക്തമാക്കി.
മയക്കു മരുന്ന് മുക്തമായ മുംബൈ ആണ് എന്‍സിബിയുടെ ലക്ഷ്യമെന്നും അതിനു വേണ്ടിയാണ് തങ്ങള്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നതെന്നും വാങ്കഡെ പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 320 പേരെയാണ് എന്‍സിബി വിവിധ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഏകദേശം 100 കോടി രൂപയുടെ മയക്കുമരുന്ന് എന്‍സിബി പിടിച്ചിരുന്നു.
മയക്കു മരുന്ന് ഉപയോഗിക്കുന്നവരെ പിടികൂടുക എന്നതാണ് തങ്ങളുടെ ജോലിയെന്നും അത് തുടരുക തന്നെ ചെയ്യുമെന്നും വാങ്കഡെ പറഞ്ഞു.
ആര്യന് ഖാനെതിരെയുള്ള തെളിവുകള്‍ എന്‍സിബി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഈ കേസില്‍ ഇതുവരെ 16 പേരെ അറസ്റ്റ് ചെയ്തതായും എന്‍സിബി തലവന്‍ പറഞ്ഞു.