തൊടുപുഴ: ഇടുക്കിയിൽ ഉത്പാദിപ്പിച്ച തേൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് സുരേഷ് ഗോപി എംപി കൈമാറി.
പ്രധാനമന്ത്രിയുടെ മേജർ ഹണി മിഷൻ പദ്ധതി പ്രകാരം നിർമിച്ച തേനാണ് കേന്ദ്രമന്ത്രിക്ക് സമ്മാനിച്ചത്.
“സ്മൃതി കേരം’ പദ്ധതിയുടെ ഭാഗമായി ഇടുക്കിയിലെത്തിയ സുരേഷ് ഗോപിക്ക് ഹൈറേഞ്ച് തേനീച്ച പരിപാലന കേന്ദ്രം ഉടമ തൊപ്പിപ്പാള തുണ്ടിവയലിൽ ടി.കെ. രാജുവാണ് തേൻ നൽകിയത്.
കേരളത്തിൽ നടപ്പിലാക്കിയ മേജർ ഹണിമിഷന്റെ ഭാഗമായി 6,000 തേനീച്ചപ്പെട്ടികൾ നിർമിച്ചു നൽകിയത് ഇദ്ദേഹമായിരുന്നു.
ഇടുക്കിയിൽ നടന്ന ചടങ്ങിൽ സ്റ്റേജിലെത്തി തേനും മൂല്യവർധിത ഉത്പന്നങ്ങളുമടങ്ങിയ പായ്ക്കറ്റ് കൈമാറുകയായിരുന്നു.
ഇതു കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൈമാറുമെന്ന് എംപി ഉറപ്പുനൽകിയിരുന്നു. 2017-ലാണ് തേൻ ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ പ്രഥമ മേജർ ഹണി മിഷൻ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്.
ആറന്മുളയിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയായിരുന്നു.
1.15 കോടി രൂപ ചെലവഴിച്ച് ആദിവാസികളടക്കം 600-ഓളം വരുന്ന കർഷകർക്കാണ് സ്വയം തൊഴിലിനായി തേനീച്ചകോളനികൾ കൈമാറിയത്.
കൂടുകൾ നിശ്ചിത സമയത്തിനു മുന്പ് നിർമിച്ചു നൽകിയത് രാജുവായിരുന്നു.
പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതി പ്രകാരം ലഭിച്ച 25 ലക്ഷം രൂപ ചെലവഴിച്ച് രാജുവിന്റെ ഹണി നഗറിൽ തേൻ ശുചീകരണ പ്ലാന്റും സ്ഥാപിച്ചു.
പദ്ധതി പ്രകാരം നൽകിയ കൂടുകളിൽ നിന്നുള്ള തേൻ കർഷകർക്ക് മികച്ച വില നൽകി ശേഖരിച്ച ശേഷം ശുചീകരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിൽ എത്തിക്കുകയായിരുന്നു.
ഇപ്രകാരം ഉത്പാദിപ്പിച്ച തേനാണ് കേന്ദ്രമന്ത്രിക്ക് കൈമാറാനായി സുരേഷ്ഗോപിയെ ഏൽപ്പിച്ചത്. 2017 ലാണ് തേനീച്ച പരിപാലനം കൃഷിയായി സർക്കാർ അംഗീകരിച്ചത്.