അന്തിക്കാട്: മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കത്തിന്റെ പേരിൽ അനധികൃത പണപ്പിരിവു നടത്തിയ മുംബൈ സ്വദേശിയെ നാട്ടുകാർ പിടികൂടി അന്തിക്കാട് പോലീസിലേൽപ്പിച്ചു.
മഹാരാഷ്ട്ര സ്വദേശി മഹേന്ദ്രനാഥ് ശങ്കർ ഭോസ്ലെയാണു ( 40) പിടിയിലായത്. നല്ല രീതിയിൽ പാന്റും ഷർട്ടും ധരിച്ചെത്തിയ ഇയാൾ മുംബൈയിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ പണവും വസ്ത്രങ്ങളും ആവശ്യപ്പെട്ടാണു വീടുകളിൽ കയറി ഇറങ്ങിയത്.
ഭൂരിഭാഗം വീട്ടുകാരും ഇയാൾക്കു പണം നൽകിയിരുന്നു. അന്തിക്കാട് അഞ്ചാം വാർഡിലെ പുത്തൻകോവിലകം വില്ലയിലെത്തിയതോടെ സംശയം തോന്നിയ ഇയാളെ ചില കുടുംബക്കാർ ചോദ്യം ചെയ്തതോടെയാണു കള്ളിവെളിച്ചത്തായത്.
മലയാളം ചോദിച്ചവരോടു ഹിന്ദിയിൽ മറുപടി പറഞ്ഞും ഹിന്ദിയിൽ ചോദിച്ചവരോടു മലയാളം പറഞ്ഞു പരസ്പരവിരുദ്ധമായി സംസാരിച്ചതോടെ നാട്ടുകാർ തടഞ്ഞു നിർത്തുകയായിരുന്നു.
ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് അന്തിക്കാട് പോലീസ് പറഞ്ഞു.