കുറവിലങ്ങാട്: പണയ സ്വർണം എടുക്കാനെന്ന് പറഞ്ഞു വിളിച്ചു വരുത്തി ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലെ പ്രധാന പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
മാഞ്ഞൂർ ഞാറപ്പറന്പിൽ ജോബിൻ(23), കോതനല്ലൂർ ഇടച്ചാലിയിൽ സജി പൈലി (36) എന്നിവരാണ് പോലീസ് പിടിയിലായത്. പ്രധാന പ്രതി മോനിപ്പിള്ളി സ്വദേശി ജെയ്സിനു വേണ്ടിയാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തട്ടിയെടുത്ത പണം ജെയ്സിന്റെ പക്കലാണുള്ളത്.
തൃശൂരിൽ പ്രവർത്തിക്കുന്ന ഗോൾഡ് പോയിന്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂർ കൂട്ടുങ്കൽ വികാസി (41)ന്റെ കൈയിൽ നിന്നാണ് സംഘം പണം തട്ടിയെടുത്തത്.
സജിയുടെയും ജെയ്സിന്റെയും പേരിൽ നിരവധി കേസുകളുണ്ട്. മൂവരും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഒളിവിൽ പോയ ജെയ്സിനെക്കുറിച്ചു പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
ബാങ്കിൽ പണയത്തിലിരിക്കുന്ന സ്വർണം പണമടച്ച് എടുത്തുനൽകുമെന്ന പരസ്യം കണ്ടാണ് മൂന്നംഗസംഘം തട്ടിപ്പിന് പദ്ധതിയിട്ടത്.
ഇത്തരത്തിലുള്ള പരസ്യത്തിലെ ഫോണ്നന്പറിൽ ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ട വികാസിനെ കുറവിലങ്ങാട് എത്തിക്കുകയായിരുന്നു.
കുറവിലങ്ങാട് ടൗണിലെത്തിയ വികാസിനെ മൂന്നംഗസംഘം ബാങ്കിലേക്ക് എന്ന പേരിൽ വൈക്കം റോഡിൽ മുൻപ് സെന്റ് മേരീസ് എന്ന പാരാമെഡിക്കൽ സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലെത്തിച്ചു. കെട്ടിടത്തിന്റെ മുകൾ നിലയിലാണ് ബാങ്ക് എന്ന് വികാസിനെ ബോധ്യപ്പെടുത്തി.
കെട്ടിടത്തിലെ സ്റ്റെയർ കെയ്സ് കയറുന്നതിനിടയിൽ പണമടങ്ങിയ ബാഗ് കവർച്ചചെയ്ത് പ്രതികൾ ഓടിരക്ഷപ്പെട്ടു. കനാൽ റോഡ് വഴിയാണ് സംഘം രക്ഷപ്പെട്ടത്.
പണം നഷ്ടപ്പെട്ട വികാസ് പിറകെ ഓടിയതിനൊപ്പം പണം നഷ്ടപ്പെട്ട വിവരം വിളിച്ചുപറഞ്ഞു. സ്റ്റാൻഡിലെ ഡ്രൈവർമാർ തട്ടിപ്പ് മനസിലാക്കി കവർച്ചാസംഘത്തിലെ ജോബിനെ പിടികൂടി പോലീസിന് കൈമാറി.
ജോബിനെ ചോദ്യം ചെയ്തതോടെ വിവരങ്ങൾ മനസിലാക്കിയ പോലീസ് സജിയെ കോതനല്ലൂരിലെ വീട്ടിൽ നിന്നും പിടികൂടി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.