സ്വന്തം ലേഖകന്‍
കോഴിക്കോട് : സംസ്ഥാന പോലീസിനുള്ളിലെ തിന്മകളെ എതിര്‍ത്ത ഐപിഎസ് ഓഫീസറുടെ സ്ഥാനകയറ്റം ആഭ്യന്തരവകുപ്പ് തടഞ്ഞു.
ഉന്നതപോലീസുദ്യോഗസ്ഥര്ക്ക് സല്യൂട്ട് നല്‍കുന്നത് മുതല്‍ അമിത ജോലിക്കെതിരേ വരെ രംഗത്തെത്തിയ കോസ്റ്റല്‍ എഐജി ന്റെ സ്ഥാനകയറ്റമാണ് റദ്ദാക്കിയത്.
അതേസമയം 2007 ലെ ജയനാഥിന്റെ ബാച്ചിലുള്ള മറ്റു മൂന്ന് ഐപിഎസുകാര്‍ക്കും ഡെപ്യൂട്ടി ഇന്‍സ്പക്ടര്‍ ജനറലായി (ഡിഐജി) സ്ഥാനകയറ്റം നല്കി ബുധനാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കി.
2007 ബാച്ചില്‍ കേരള കേഡറില്‍ ജയനാഥിന് പുറമേ ദേബേഷ്കുമാര്‍ ബഹ്റ, രാജ്പാല് മീണ, ഉമ ബഹ്റ എന്നിവരായിരുന്നുള്ളത്.
എന്നാല്‍ സംസ്ഥാന പോലീസില്‍ തന്നെ തുടരുന്ന ജയനാഥിനെതിരേയുള്ള നീക്കം പോലീസിനുള്ളിലും ഇതിനകം ചര്‍ച്ചയായി മാറി.
ഇവര്‍ മൂന്നുപേരും ഇപ്പോള്‍ കേന്ദ്രസര്‍വീസില്‍ ഡപ്യൂട്ടേഷനിലാണ്. അതേസമയം സ്ഥാനകയറ്റം റദ്ദാക്കിയതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നാണ് വിവരം.
ഉന്നതപോലീസുദ്യോഗസ്ഥരുടെ അനീതിക്കെതിരേ പ്രതികരിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ ജയനാഥിനെതിരേ വകുപ്പ്തല അന്വേഷണത്തിന് ചീഫ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. ഈ അന്വേഷണം ഇതുവരേയും പൂര്‍ത്തീകരിച്ചിട്ടില്ല.
മേലുദ്യോഗസ്ഥര്‍ക്കെതിരേ പലഘട്ടത്തില്‍ രംഗത്ത് വന്നത് കാരണമാണ് ജയനാഥിന്റെ സ്ഥാനക്കയറ്റം തടഞ്ഞതെന്നാണ് സൂചന.
സേനയിലേക്ക് ഉപയോഗ ശൂന്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനെതിരേ ജയനാഥ് രംഗത്തെത്തിയിരുന്നു.
ശരാശരി പോലീസുകാരന് പട്ടിയുടെ വിലപോലും കൊടുക്കാത്ത മേലുദ്യോഗസ്ഥരാണ് ഉള്ളതെന്ന ജയനാഥിന്റെ പരാമര്‍ശം മിക്ക ഐപിഎസുകാരേയും ബാധിക്കുന്നതായിരുന്നു.
തുടര്‍ന്ന് ഐപിഎസുകാര്‍ക്കിടയിലെ കണ്ണിലെ കരടായി മാറി. ഉന്നത ഉദ്യോഗസ്ഥരെ കാണുമ്പോഴെല്ലാം കീഴുദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നത് പഴഞ്ചല്‍ ഏര്‍പ്പാടാണെന്നും മാറ്റണമെന്ന നിലപാടും ജയനാഥ് സ്വീകരിച്ചത് പലരേയും ചൊടിപ്പിച്ചു.
കോവിഡ് കാലത്തെ മികച്ച ഡ്യൂട്ടിക്കുള്ള അവാര്‍ഡ് വേണമെങ്കില്‍ പണം നല്കി വാങ്ങണമെന്ന മുന്‍ ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിറക്കിയിരുന്നു.
പണംമുടക്കി ആര്‍ക്കും അവാര്‍ഡ് വേണ്ടെന്നും കെഎപി അടൂര്‍ ബറ്റാലിയന് കമാന്‍ഡന്റായിരിക്കെ അദ്ദേഹം വ്യക്തമാക്കുകയും ഡിജിപിക്ക് നേരിട്ട് കത്തയയ്ക്കുകയും ചെയ്തു.
ഇതോടെ സംസ്ഥാനത്തെ പോലീസുകാരില്‍ ബഹുഭൂരിപക്ഷം പേരും പണം കൊടുത്ത് വാങ്ങുന്ന ബഹുമതി ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചു.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസുകാര്‍ തൊട്ടടുത്ത ദിവസം ഡ്യൂട്ടിക്ക് കയറണമെന്ന ഉത്തരവിനെതിരേ വിശ്രമമില്ലാത്ത ജോലി മനുഷ്യത്വ രഹിതമാണെന്ന് കാണിച്ചും ഡിജിപിക്ക് കത്തയച്ചിരുന്നു.
കൂടാതെ അനധികൃതമായി ഐപിഎസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലി ചെയ്യുന്ന പോലീസുകാരുടേയും താത്കാലിക ജീവനക്കാരുടേയും ശമ്പളം നല്‍കുന്നതിനെയും ജയനാഥ് എതിര്‍ത്തു.
ഇതിന് പുറമേ പോലീസ് കാന്റീന് കേന്ദ്രീകരിച്ച് നടന്ന അഴിമതിയും അദ്ദേഹം പുറത്തുകൊണ്ടുവന്നു.
ഇത്തരത്തിലുള്ള നടപടികളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിനെതിരേ അച്ചടക്കലംഘം ചൂണ്ടിക്കാണിച്ച് വകുപ്പ്തല അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
അതിനിടെയാണ് കോസ്റ്റല്‍ പോലീസിലേക്ക് അദ്ദേഹത്തെ സ്ഥലംമാറ്റിയത്. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ മുഖം നോക്കാതെ നടപടിയെടുത്തതിന് നേരത്തെ കോഴിക്കോട് സിറ്റിയില്‍ നിന്നും ജയനാഥിനെ മാറ്റിയിരുന്നു.
എന്നാല്‍ മാറ്റം ലഭിച്ച ജെ.ജയനാഥിനെ അന്നത്തെ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന് അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടായിരുന്നു സ്ഥലം മാറ്റം ലഭിച്ച പോലീസുകാരന് മേലുദ്യോഗസ്ഥരുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.