കൊട്ടാരക്കര: വിലങ്ങറയിൽ ഒരു കുടുംബത്തിലെ നാലുപേരെ അവശനിലയിൽ കണ്ടെത്തിതിയ സംഭവത്തിൽ വിഷം ഉള്ളിൽച്ചെന്നതായി സംശയം.
വിലങ്ങറ ചരുവിള പുത്തൻവീട്ടിൽ സുദർശനൻ(45), ഭാര്യ ഗീതാകുമാരി(39), മക്കൾ നീതു(18), നിതീഷ്(13) എന്നിവരെയാണ് അവശനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അപകടാവസ്ഥയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. അഡ്മിഷനുമായി ബന്ധപ്പെട്ട് ഐ.ടി.ഐയിൽ പോയിട്ടുവന്നതാണ് ഗീതാകുമാരിയും നീതുവും.
ഇവർ തിരികെയെത്തി അധികം വൈകാതെ നിതീഷിന് ശാരീരിക അസ്വസ്ഥതകൾ കണ്ടുതുടങ്ങുകയും ഛർദ്ദിക്കുകയും ചെയ്തു.
നിതീഷിനെയും കൂട്ടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിയ ഗീതാകുമാരിയ്ക്കും അവശതയുണ്ടായി.
തൊട്ടുപിന്നാലെ വീട്ടിലുണ്ടായിരുന്ന സുദർശനനും നീതുവും അവശരായതോടെയാണ് വിഷം ഉള്ളിൽ ചെന്നതായ സംശയം ഉടലെടുത്തത്.
കഴിച്ച ആഹാരത്തിൽ നിന്നും സംഭവിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്. പോലീസ് മൊഴിരേഖപ്പെടുത്താൻ ആശുപത്രിയിൽ എത്തിയെങ്കിലും തങ്ങൾ പ്രത്യേകിച്ച് ഒന്നും കഴിച്ചില്ലെന്നാണ് നാലുപേരും പറഞ്ഞത്.
കെട്ടിട നിർമ്മാണ തൊഴിലാളിയായ സുദർശനൻ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ കഴിഞ്ഞെത്തിയതാണ്. കൊട്ടാരക്കര പോലീസ് അന്വേഷണം നടത്തുന്നുണ്ട്.