കണ്ണൂർ: വരാൻ പോകുന്ന വാഹനപകടത്തിൽനിന്നു രക്ഷപ്പെടുത്താൻ ഗരുഡരത്നത്തിനു കഴിയുമെന്നു ജ്യോത്സ്യൻ പറഞ്ഞപ്പോൾ വീട്ടുകാർ വിശ്വസിച്ചു.
അതോടെ പോയത് പന്ത്രണ്ടു ലക്ഷത്തോളം രൂപ. കണ്ണൂരിൽ ജ്യോത്സ്യൻ 11,75,000 രൂപ തട്ടിയെടുത്തതായാണ് വീട്ടുകാർ പരാതി കൊടുത്തിരിക്കുന്നത്.
കൊറ്റാളി സ്വദേശി മൊബിൻ ചന്ദാണ് കണ്ണാടിപ്പറന്പ് സ്വദേശിയായ ജ്യോത്സ്യനെതിരേ പരാതി നൽകിയത്.
ശുഭ മുഹൂർത്തത്തിനു സമീപിക്കുക എന്ന പരസ്യം കണ്ടാണ് മൊബിനും ഭാര്യയും പുതിയ വീടിനായി കുറ്റിയടിക്കുന്നതിനു മുഹൂർത്തം കുറിക്കാനായി ജോത്സ്യനെ സമീപിച്ചത്.
അപകട ഭീതി
എന്നാൽ, മൊബിനു വാഹനപകടത്തിൽ മരണമുണ്ടാകുമെന്നു തന്റെ അത്ഭുത സിദ്ധിയിൽ തെളിഞ്ഞു കാണുന്നുവെന്ന് ഇയാൾ പറഞ്ഞു ഭയപ്പെടുത്തി.
വാഹനാപകട മരണം തടയാൻ ശക്തിയുള്ള ഗരുഡരത്നമെന്ന അത്ഭുതരത്നം തന്റെ പക്കലുണ്ടെന്നും ഇതുപയോഗിച്ചാൽ ദീർഘായുസുണ്ടാകുമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഗരുഡന്റെ തലയിൽ നിന്നെടുത്തതുമായി കോടികൾ വില മതിക്കുന്ന ഗരുഡരത്നം പത്തെണ്ണം വീട്ടിൽ സൂക്ഷിക്കണമെന്നും കൂടാതെ ഓരോ ദിവസവും രത്നം തൊട്ടു പത്തു പ്രാവശ്യം ഗരുഡമന്ത്രം ജപിക്കണമെന്നും മൊബിന്റെ ഭാര്യയെ പറഞ്ഞു വിശ്വസിപ്പിച്ചു.
പത്തു ലക്ഷം ചെലവ്
ഗരുഡരത്നത്തിനു പത്തു ലക്ഷം രൂപ ചെലവുവരുമെന്നും പറഞ്ഞു. ഭർത്താവിന്റെ ജീവൻ രക്ഷിക്കാനായി ഭാര്യ പണം നൽകുകയായിരുന്നു.
കൂടാതെ മകന് തങ്കഭസ്മം പാലിൽ കലക്കി കൊടുത്താൽ അമാനുഷിക കഴിവും ഭാവിയിൽ ഐഎഎസ് ലഭിക്കുമെന്നും പറഞ്ഞു.
ഇതിന് 1,25,00 രൂപയാണ് ചെലവായി ജോത്സ്യൻ പറഞ്ഞത്. വിദേശത്തു ജോലിയുണ്ടായിരുന്ന മൊബിന് വീണ്ടും വിദേശത്തു പോകാനായി അന്പതിനായിരം രൂപ വിലയുള്ള വിദേശലക്ഷ്മി യന്ത്രം വീട്ടിൽ സൂക്ഷിക്കണമെന്നും പറഞ്ു വിശ്വസിപ്പിച്ചും പണം വാങ്ങിയതായി മൊബിൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
നാലു മന്ത്രിമാർ!
ഗരുഡരത്നം നൽകിയ നാലു പേർ ഇന്നത്തെ മന്ത്രിസഭയിൽ മന്ത്രിമാർ ആണെന്നും പ്രമുഖരായ ബിസ്നസ്മാൻമാർ വിദേശലക്ഷ്മി യന്ത്രം അവരുടെ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് തങ്ങളെ ജോത്സ്യൻ വിശ്വസിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു.
ആദിവാസികളിൽ നിന്നാണ് ഗരുഡരത്നം ലഭിക്കുന്നതെന്നാണു ജോത്സ്യൻ പറഞ്ഞത്. കണ്ണവത്ത് ഓഫീസ് ഉണ്ടെന്നും പറഞ്ഞു.
ഓഗസ്റ്റിലാണ് മാസം കണ്ണവത്തെ ഓഫീസിൽ എത്താൻ പറഞ്ഞത്. എന്നാൽ, ഓഫീസിൽ കയറ്റാതെ ജോത്സ്യന്റെ വാഹനത്തിൽ വച്ച് ആറു വലുതും നാലു ചെറുതുമായ രത്നം തരുകയും പത്ത് ലക്ഷ രൂപ ജോത്സ്യനു കൈമാറുകയും ചെയ്തു.
തങ്കഭസ്മ തട്ടിപ്പ്
എന്നാൽ, കണ്ണവത്ത് ഇങ്ങനെയൊരു ഓഫീസ് ഉണ്ടായിരുന്നില്ല. മകന്റെ ദോഷം പരിഹരിക്കാനായി തങ്കഭസ്മം തരികയും 1,25,000 രൂപ ജോത്സ്യനു നൽകുകയും ചെയ്തു.
എന്നാൽ ഇയാൾ നൽകിയ തങ്കഭസ്മം കഴിച്ചു മകന്റെ കണ്ണിന്റെ കാഴ്ചയ്ക്കു തകരാറുണ്ടായി.
തുടർന്ന് ഇയാൾ നൽകിയ തങ്കഭസ്മവും ഗരുഡരത്നവും വിദേശലക്ഷ്മി യന്ത്രവും പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്നു തെളിഞ്ഞതെന്നും മൊബിൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.