പാദസംരക്ഷണത്തിൽ പ്രമേഹബാധിതർ പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹം കാലുകളിലെ ഞരന്പിനെ ബാധിക്കാനിടയുളളതിനാൽ ഇടയ്ക്ക് ഇതു സംബന്ധിച്ചു ഡോക്ടറുടെ പരിശോധനയ്ക്കു വിധേയമാകണം.
സ്വയം പാദപരിശോധന
ചില കാര്യങ്ങൾ പ്രമേഹബാധിതർക്കു സ്വയം ചെയ്യാം. എന്നും പാദങ്ങൾ പരിശോധിക്കുക. പാദങ്ങളുടെ മുകൾഭാഗവും താഴ്ഭാഗവും സൂക്ഷ്്മമായി നിരീക്ഷിക്കുക; നിലത്ത് ഒരു കണ്ണാടി വച്ച ശേഷം പാദത്തിനു താഴ് വശത്ത് മുറിവുകളോ വിളളലുകളോ പോറലുകളോ ഉണ്ടോ എന്നു പരിശോധിക്കുക.
വിരലുകൾക്കിടയിലെ തൊലി പൊട്ടുന്നുവെങ്കിൽ അവിടെ ആന്റി സെപ്റ്റിക് മരുന്നു പുരുട്ടുക; ഏതാനും ദിവസങ്ങൾക്കുളളിൽ ഉണങ്ങുന്നില്ലെങ്കിൽ ഡോക്ടറെ സമീപിക്കുക.
കഴുകി തുടയ്ക്കാം
സോപ്പും വെളളവും ഉപയോഗിച്ചു പാദങ്ങൾ നിത്യവും വൃത്തിയായി കഴുകുക. ഉണങ്ങിയ തുണി ഉപയോഗിച്ചു തുടയ്ക്കുക. വിരലുകൾക്കിടയിൽ പറ്റിയിരിക്കുന്ന ജലാംശം തുടച്ചു കളയാൻ ശ്രദ്ധ വേണം.
ലോഷനും ക്രീമും
കാലു വിണ്ടു കീറാതിരിക്കാൻ കുളി കഴിഞ്ഞ ശേഷം എണ്ണയോ എണ്ണമയം നിലനിർത്താൻ സഹായിക്കുന്ന ക്രീമുകളോ ലോഷനോ പാദത്തിനു മുകളിലും താഴെയും പുരട്ടുക; വിരലുകളുടെ ഇടയിൽ പുരട്ടരുത്.
സോക്സ്
സോക്സ് ഉപയോഗിക്കുക; മുറുക്കമുളളവ പാടില്ല. വായുസഞ്ചാരം സാധ്യമാകുന്നതും വിയർപ്പ് തങ്ങി നിൽക്കാൻ അനുവദിക്കാത്തതുമായ സോക്്സാണ് അനുയോജ്യം.രാത്രി തണുപ്പ് അനുഭവപ്പെടുന്നുവെങ്കിൽ സോക്സ് ധരിക്കുന്നതു ഗുണകരം.
നഖം വെട്ടുന്പോൾ
കുളി കഴിഞ്ഞ ശേഷം നഖങ്ങൾ വെട്ടിവൃത്തിയാക്കുക; നഖങ്ങളുടെ അരികുകൾ വെട്ടുന്പോൾ ചർമത്തിൽ മുറിവേല്ക്കാതെ ശ്രദ്ധിക്കണം.
ചെരുപ്പു ധരിച്ചേ നടക്കാവൂ; മുറുക്കമുളള ചെരുപ്പും ഷൂസും പാടില്ല. കാലുകൾ ഏറെ ചൂടു കൂടിയ വെളളമുപയോഗിച്ചു കഴുകരുത്.
ആണിയും തഴന്പും ഉണ്ടെങ്കിൽ
ആണിയും തഴന്പും ഉണ്ടെങ്കിൽ ബ്ലേഡും കത്തിയും ഉപയോഗിച്ചു നീക്കാൻ ശ്രമിക്കരുത്; ഡോക്ടറെ സമീപിക്കുന്നതാണു നല്ലത്.
കാലിലെ രക്തസഞ്ചാരം നിലനിർത്താൻ പുകവലി ഉപേക്ഷിക്കുക. ദിവസവും 20 മുതൽ 30 മിനിറ്റു വരെ നടക്കുക; കാലിലേക്കുളള രക്തസഞ്ചാരം കൂട്ടുന്നതിന് ഇതു സഹായകം.
ഒരു കാലിനു മേൽ മറ്റേ കാൽ കയറ്റി വച്ച് ഇരിക്കരുത്; സുഗമമായ രക്തസഞ്ചാരത്തിന് അതു തടസമാകും.
രക്തപരിശോധന
ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകളുടെ അളവിൽ മാറ്റം വരുത്താവൂ. പ്രമേഹരോഗികൾ മരുന്നു കഴിച്ചതിനു ശേഷമേ രക്തപരിശോധന നടത്താവൂ.
രാവിലത്തെ ഭക്ഷണത്തിനു മുന്പും ഭക്ഷണം കഴിഞ്ഞ് രണ്ട് മണിക്കൂറിനു ശേഷവുമുളള രക്തപരിശോധനയാണ് ആവശ്യം. പ്രമേഹബാധിതരിൽ ചിലപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴാനിടയുണ്ട്.
അതിനാൽ യാത്രാവേളയിൽ ഗ്ലൂക്കോസ് അടങ്ങിയ ബിസ്കറ്റ് കരുതുന്നതു ബോധക്കേട് ഒഴിവാക്കാൻ പ്രയോജനപ്പെടും.
മറ്റു രോഗങ്ങൾക്കു മരുന്നു കഴിക്കുന്പോൾ
മറ്റു രോഗങ്ങൾക്കു മരുന്നു കഴിക്കുന്ന പ്രമേഹരോഗികൾ ചികിത്സിക്കുന്ന ഡോക്ടറോട് പുതുതായി കഴിക്കുന്ന മരുന്നുകളുടെ വിവരം അറിയിക്കണം.
ഇത്തരം മരുന്നുകൾ പ്രമേഹനിയന്ത്രണത്തെ ബാധിക്കാതിരിക്കാൻ ഡോക്ടറുടെ നിർദേശപ്രകാരം പ്രമേഹത്തിനു കഴിക്കുന്ന മരുന്നുകളുടെ ഡോസിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താവുന്നതാണ്.
ഫംഗസ് ബാധ സൂക്ഷിക്കുക
ചർമസംരക്ഷണത്തിന് അതീവപ്രാധാന്യം നല്കണം. ഫംഗസ് ബാധ ഒഴിവാക്കുന്നതിന് അതു സഹായകം.
വ്യായാമം
വ്യായാമം എല്ലാ ദിവസവും ഒരേതോതിൽ ചെയ്യണം. ഹൃദ്രോഗികൾ ഡോക്ടറുടെ നിർദേശപ്രകാരമുളള വ്യായാമമുറകൾ സ്വീകരിക്കണം. മദ്യപാനം ഉപേക്ഷിക്കണം. ബിയർ പോലും ഉപയോഗിക്കരുത്. ആഹാരത്തിന്റെ അളവിൽ നിയന്ത്രണം പാലിക്കണം; കഴിക്കുന്നതിൽ സമയനിഷ്ഠയും.