ചെറായി: പട്ടാപ്പകല്‍ ചെറായി ദേവസ്വം നടക്ക് കിഴക്കുള്ള സ്പെയര്‍ പാട്സ് കടയില്‍ നിന്നും 37,000 രൂപ അടങ്ങിയ ബാഗ് മോഷ്ടിച്ചയാള്‍ പോലീസ് പിടിയില്‍.
മട്ടാഞ്ചേരി ബംഗ്ലാവ് പറമ്പില്‍ ഹംസയുടെ മകന് നിസാര്‍ -44 ആണ് പിടിയിലായത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു മോഷണം നടന്നത്.
കടയുടമ മറ്റെന്തോ ആവശ്യത്തിനായി അടുത്ത കടയിലേക്ക് പോയ സമയത്താണ് മോഷ്ടാവ് കടയില്‍ കയറി ബാഗുമായി കടന്ന് കളഞ്ഞത്.
തുടര്‍ന്ന് മുനമ്പം പോലീസില്‍ നല്കിയ പരാതിയില്‍ പോലീസെത്തി സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ മോഷണ ദൃശ്യങ്ങള്‍ കണ്ടെത്തുകയും ആളെക്കുറിച്ച് ഏകദേശരൂപം ലഭിക്കുകയും ചെയ്തു.
തുടര്‍ന്ന് സിഐ എ.എല്‍. യേശുദാസ്, എസ്ഐ കെ.എസ്. ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഇതിനിടെ വ്യാഴാഴ്ച വൈകുന്നേരം ഞാറക്കലിൽവച്ചാണ് പ്രതിയെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.
വഴിയോരങ്ങളില്‍ അലഞ്ഞ് തിരിഞ്ഞ് മോഷണം നടത്തുന്നയാളാണ് പ്രതി. മോഷ്ടിച്ച പണം കൊണ്ട് മദ്യപാനമാണ് പ്രധാന വിനോദം.
ആളെയും പണമടങ്ങിയ ബാഗും കണ്ടെത്തിയെങ്കിലും മോഷണം പോയ പണം കണ്ടെത്തിയിട്ടില്ല. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.