തൃശൂർ: തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും വരവ് കുറഞ്ഞതോടെ ജില്ലയിൽ സബോളയുടെയും തക്കാളിയുടെയും വില കുതിച്ചുയരുന്നു.
കഴിഞ്ഞ ആഴ്ചയിലേക്കാളും ഇരട്ടിയലധികം വിലവർധനവാണ് ഉണ്ടായിരിക്കുന്നത്. മഴയും വിളനാശവും ഇന്ധന വിലവർധനവും ലോറിവാടക കൂടിയതുമൊക്കെയാണ് വിലക്കയറ്റത്തിനു കാരണമെന്നു വ്യാപാരികൾ പറയുന്നു.
ഒരാഴ്ച മുന്പ് 20 രൂപയായിരുന്ന സവാള മൊത്തവിപണിയിൽ 38 കടന്നു. ചില്ലറവിപണിയിലെത്തുന്പോൾ 40നു മുകളിലാണ് വില. പൂനെ സബോളയ്ക്ക് 32 ൽനിന്ന് 50 രൂപയായും ഉയർന്നു.
തക്കാളിക്ക് ഒരാഴ്ചകൊണ്ട് 20 രൂപ കൂടി നാല്പതിലെത്തി. കടകളിലെത്തുന്പോൾ 50 മുതൽ 55 വരെയാണ് വില. മുരിങ്ങക്കായുടെ വില 40 രൂപയുടെ കൂടി.
കഴിഞ്ഞയാഴ്ച കിലോയ്ക്ക് 80 ആയിരുന്ന മുരിങ്ങക്കായ്ക്ക് ഇന്നലെ ശക്തൻമാർക്കറ്റിൽ 120 രൂപയായിരുന്നു വില.
മറ്റു പച്ചക്കറി ഇനങ്ങൾക്കും നേരിയ വർധന ഉണ്ടായിട്ടുണ്ട്.
വരുംദിവസങ്ങളിലും വില വർധിക്കാനാണ് സാധ്യതയെന്നു വ്യാപാരികൾ പറയുന്നു.
വിലക്കയറ്റം ദീപാവലി വരെ
ഈ മാസങ്ങളിൽ പച്ചക്കറികൾക്കു വില ഉയരുന്നതു സാധാരണയാണ്. കഴിഞ്ഞ വർഷങ്ങളിലും ഈ സമയത്തു വിലക്കയറ്റം ഉണ്ടായിരുന്നു. തമിഴ്നാട്ടിൽ മഴ ശക്തമായി വിള നശിച്ചതാണ് പെട്ടെന്നുണ്ടായ വിലക്കയറ്റത്തിന്റെ പ്രധാന കാരണം.
സീസണ് മാറിയതിന്റെ വിലക്കയറ്റവും ഉണ്ട്. ദീപാവലിവരെ വില ഈ നിലയിൽ തുടരുകയോ ഉയരുകയോ ചെയ്യാം. ദിപാവലിക്കുശേഷം വില കുറഞ്ഞേക്കും.
(ജോർജ്, ശക്തൻ മാർക്കറ്റിലെ പച്ചക്കറി വ്യാപാരി)