കൊച്ചി: ഓഫീസിലെ ഫയലുകള്‍ക്കിടയില്‍ പതിയിരുന്ന പാമ്പിനെ കണ്ട് പരിഭ്രാന്തരായി ജീവനക്കാര്‍. കൊച്ചി കോര്‍പറേഷന്റെ മട്ടാഞ്ചേരി സോണല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജനസേവനകേന്ദ്രത്തിലെ ജനന മരണ രജിസ്ട്രേഷൻ വിഭാഗത്തിലാണ് ഇന്നലെ വൈകുന്നേരം നാലോടെ പാമ്പ് കടന്നുകൂടിയത്.
ജീവനക്കാരന് ഫയല്‍ എടുക്കാന്‍ തുടങ്ങുമ്പോള്‍ അനക്കം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മറ്റു ജീവനക്കാരെ കൂടി വിളിച്ച് ഫയല്‍ പൊക്കിയ നോക്കിയപ്പോഴാണ് പാമ്പാണെന്നു മനസിലായത്.
രണ്ടരയടിയോളം നീളമുള്ള പാമ്പിനെ കണ്ട് പരിഭ്രാന്തരായ ജീവനക്കാര്‍ ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുകയും അവരെത്തി പാമ്പിനെ പിടികൂടുകയുമായിരുന്നു.
ഉഗ്ര വിഷമുള്ള വെള്ളിക്കെട്ടൻ പാന്പായിരുന്നു ഇത്. ഓഫീസിന്റെ പിൻവശം കാടുകയറി കിടക്കുകയാണ്.
ഇതിനു മുമ്പും സോണല്‍ ഓഫീസില്‍ പാമ്പ് കയറിയിട്ടുണ്ട്. അന്ന് പാമ്പിനെ പിടികൂടാഞ്ഞതിനെ തുടർന്നു ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകാതിരുന്ന സംഭവവും ഉണ്ടായിരുന്നു.