മംഗലം ശങ്കരൻകുട്ടി
ഒറ്റപ്പാലം: അനങ്ങൻമലയുടെ മടിത്തൊട്ടിലിൽ വിളയുന്ന നെല്ലിന്റെ നൂറുമേനിക്ക് സാമൂതിരി മേൽകോയ്മയുടെ സുഗന്ധം.
കൊല്ലിനും, കൊലക്കും അധികാരമുണ്ടായിരുന്ന രാജഭരണകാലത്ത് സാമൂതിരിയുടെ അമൃതേത്തിന് അരിയെത്തിച്ചിരുന്നത് അനങ്ങന്റ അടിവാരത്തിൽ വിളയുന്ന നെൽപാടത്തു നിന്നായിരുന്നു.
ഗതകാലം വിസ്മരിച്ചുവെങ്കിലും രണ്ട് പൂവ്വൽ കൃഷി ചെയ്യാൻ സാമൂതിരി കാണിച്ചിരുന്ന തിട്ടൂരം മുറതെറ്റാതെ നടപ്പാക്കുകയാണ് ഇവിടുത്തെ കർഷകർ.
അനങ്ങൻമലയുടെ വൃഷ്ടിപ്രദേശത്ത് വിളയിച്ചെടുക്കുന്ന നെല്ലിന്റെ അരിമണികൾ സാമൂതിരിക്കെന്നും പഥ്യമായിരുന്നു. ഈ അരിമണികൾക്ക് സ്വദേറുമെന്നായിരുന്നു സാമൂതിരിയുടെ തിട്ടൂരം.
ഇതു കൊണ്ട് തന്നെ സാമൂതിരി കോവിലകത്ത് രാജാവിന് അമൃതേത്ത് വിളന്പി യിരുന്നതും ഈ അരി പാകം ചെയ്തായിരുന്നുവെന്നാണ് പുരാവൃത്തം.
ഏത് പ്രതികൂല കാലത്തും രണ്ട് പൂവൽ വിളയിറക്കി രാജകൽപ്പന പാലിച്ചിരുന്ന അന്നത്തെ കർഷകരുടെ പിൻഗാമികളിന്നും അനുഷ്ഠാനം പോലെ കാർഷികവൃത്തി പരിപാലിക്കുന്നുവെന്നതും മറ്റൊരു ചരിത്രം.
വളപ്രയോഗയൊന്നും നടത്തിയില്ലങ്കിലും ഇവിടെയെന്നും വിളയുന്നത് നൂറ് മേനി വിളവ് തന്നെ. പ്രതികൂല കാലാവസ്ഥകളിലും ഇതിന് മാറ്റം വരാറില്ല.
ഫലഭൂയിഷ്ഠമായ മണ്ണിൽ പശിമയും ധാരാളം.അനങ്ങന്റെ ശിരസ്സിൽ പെയ്തിറങ്ങുന്ന മഴ പ്രവാഹം ഒൗഷധവീര്യം നേടി നെൽപാടങ്ങളിലേക്കരിച്ചെത്തുന്പോൾ മണ്ണിൽ വിരിയുന്നത് പൊന്ന്.
തലയുയർത്താൻ ആയാസപ്പെട്ട് കതിർ കുലകളുടെ ഭാരത്താൽ നിറ സമൃദ്ധമാർന്ന് നിൽക്കുന്ന ഇവിടുത്തെ നെൽപാടങ്ങൾ വിസ്മയ കാഴ്ച്ചയാണ്.
സാമൂതിരി വാദത്തെ ശരിവക്കുന്ന തരത്തിൽ സ്വർണ്ണവർണ്ണമാർന്ന ഈ കതിരുകളാണ് സ്വീകരണമുറികളിൽ അലങ്കാര കുലകളായി കടന്നു വരുന്നത്.
കാട്ടുപന്നികളും മയിലും മറ്റു വന്യജീവികളും മാത്രമാണ് ഇവിടുത്തെ കർഷകർക്ക് നൂറുമേനി വിളയിക്കാൻ ഭീഷണിയായിട്ടുള്ളത്.
നെല്ലിനെ ബാധിക്കുന്ന രോഗാണു കീടബാധയൊന്നും ഈ പാടശേഖരങ്ങളെ എത്തി നോക്കാറില്ല. കളനാശിനി പ്രയോഗവും കർഷകർ നടത്തുന്നത് വളരെ കുറവാണ്.
മറ്റു കൃഷിഭൂമികളിലെല്ലാം കൃത്യമായി വളപ്രയോഗം നടത്തുന്പോഴും ഇവിടുത്തെ നെൽപ്പാടങ്ങളിൽ വളരെ കുറവ് വള പ്രയോഗമാണ് കർഷകർ നടത്തിവരുന്നത്.
അനങ്ങൻമലയുടെ അടിവാരത്തെ നെൽപ്പാടങ്ങളിലെ മണ്ണിനും വളരെയേറെ പ്രത്യേകതകളുണ്ട്. പശിമയാർന്ന കറുത്തു ചുവന്ന മണ്ണാണ് ഇവിടുത്തെ കൃഷി ഭൂമികളിൽ അധികവും ഉള്ളത്.
മറ്റിടങ്ങളിലെല്ലാം നെൽകൃഷി നഷ്ടത്തിലായാലും അനങ്ങൻമലയുടെ അടിവാരത്ത് കർഷകർക്കെന്നും ലഭിക്കുന്നത് നൂറുമേനി തന്നെ.