വൈപ്പിന്‍: ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ മുനമ്പത്തെ ഹോംസ്റ്റേയിലെത്തിച്ചു കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഇന്നലെ അറസ്റ്റിലായ ആറാം പ്രതി പറവൂര്‍ നീണ്ടൂര്‍ പതിശേരി വീട്ടില്‍ രോഹിത്താണ് (24) പോലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞത് രണ്ട് വര്‍ഷം.
എറണാകുളത്തും പരിസരത്തുമൊക്കെയായി തമ്പടിച്ച് കഴിയുകയായിരുന്ന പ്രതി ഒളിവിലായതിനുശേഷം സ്വന്തം സിംകാര്‍ഡോ ഫോണോ ഉപയോഗിച്ചിരുന്നതില്ല.
അത്യാവശ്യ സമയങ്ങളില്‍ ഉപയോഗിച്ചിരുന്നത് ചില സുഹൃത്തുക്കളുടെ ഫോണായിരുന്നുവത്രേ. ഇതാണ് പോലീസിനെ വട്ടം കറക്കിയത്.
ഇതിനിടെ ആലുവ റൂറല്‍ എസ്പി കെ. കാര്‍ത്തികിനു പ്രതി എറണാകുളം ചേരാനെല്ലൂര്‍, ഇരുമ്പനം തുടങ്ങിയ ഭാഗങ്ങളില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചു.
തുടര്‍ന്ന് എസ്പിയുടെ നിര്‍ദേശപ്രകാരം സ്പെഷല്‍ സ്ക്വാഡ് ഇയാള്‍ക്ക് വേണ്ടി നഗരത്തിലെ ഒളിസങ്കേതങ്ങളിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു.
ഒപ്പം ഒരു സൈബര്‍ എക്സ്പര്‍ട്ടിന്റെ സഹായവും തേടി. തുടര്‍ന്ന് ഏറെ താമസിയാതെ പ്രതിയെ എസ്പിയുടെ നേതൃത്വത്തില്‍ ഒളിസങ്കേതത്തില്‍ നിന്നും പൊക്കുകയും ചെയ്തു.
പ്രതിക്ക് മൂവാറ്റുപുഴ സ്റ്റേഷനിലും വിവിധ കേസുകള്‍ ഉള്ളതായി പോലീസ് അറിയിച്ചു. 2019 ഒക്ടോബറിലായിരുന്നു കൂട്ടബലാത്സംഗം നടന്നത്.
ഇരയായ പെണ്‍കുട്ടിയെ രണ്ട് സ്ത്രീ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ചെറായി ബീച്ചിലെ ഒരു റിസോര്‍ട്ടില്‍ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഹോംസ്റ്റേയിലെത്തിച്ചത്.
ഈ സമയം ഇവിടെ നേരത്തെ തന്നെ കാത്തുനിന്നിരുന്ന നിന്നിരുന്ന പ്രതികള്‍ റൂമിലെത്തി പെണ്‍കുട്ടിയെ ബലാത്സംഗത്തിനു ഇരയാക്കുകയായിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടിയെ ഹോം സ്റ്റേയില്‍ എത്തിച്ച ഒരു പെണ് സുഹൃത്ത് ഉള്‍പ്പെടെ നാലു പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നാലം പ്രതിയായ ഒരു സ്ത്രീ സുഹൃത്തിനെകൂടി കണ്ടെത്താനുണ്ട്. ഒളിവിലായ ഇവര്‍ക്ക് വേണ്ടി പോലീസ് വലവിരിച്ചിട്ടുണ്ട്.
ജില്ലാപോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി ബൈജുകുമാര്‍, ഞാറക്കല്‍ എസ്ഐ കെ.എസ്. സുനില്‍കുമാര്‍, മുനമ്പം എഎസ്ഐ ശിവദാസ്, പുത്തന്‍വേലിക്കര എഎസ്ഐ ബിജു, പറവൂര്‍ സിപിഒ ശരത് തുടങ്ങിയവരാണ് കേസ് അന്വേഷിക്കുന്നത്.