സിജോ പൈനാടത്ത്
കൊച്ചി: എസ്എസ്എല്‍സിയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ്, ക്ലാസിലെ ടോപ്പര്‍, പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ്… അതെ; ആന്‍ഡ്രിയ മിടുക്കിയാണ്.
പക്ഷേ ഇക്കുറി പ്ലസ് വണിന് 25 സ്കൂളുകളില്‍ അപേക്ഷ നല്‍കിയിട്ടും രണ്ട് അലോട്ട്മെന്റുകളിലും പുറത്തുതന്നെ!
“മാസങ്ങളോളം ഉറക്കമൊഴിച്ചിരുന്നു പഠിച്ചതും കഠിനാധ്വാനം ചെയ്തതും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയതുമെല്ലാം എന്തിനായിരുന്നു എന്ന തോന്നലാണ് ഇപ്പോള്‍ മനസില്‍.
എത്രമേല്‍ പ്രതീക്ഷയോടെയാണു മാതാപിതാക്കള്‍ പഠിപ്പിച്ചത്. ഏതെങ്കിലും ഒരു സ്കൂളില്‍ പ്ലസ് വണ്‍ പ്രവേശനം കാത്തിരുന്ന എന്നെപ്പോലുള്ളവര്‍ കടുത്ത നിരാശയിലാണ്’ -ആന്‍ഡ്രിയയുടെ വാക്കുകള്‍.
എറണാകുളം-ആലപ്പുഴ ജില്ലകള്‍ അതിരിടുന്ന എഴുപുന്നയിലെ പവേലില്‍ ജോളിയുടെ മകളാണ് ആന്‍ഡ്രിയ.
ഫോര്‍ട്ടുകൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹൈസ്കൂളിലായിരുന്നു പത്താം ക്ലാസ് വരെ പഠനം. സ്കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ഥികളില്‍ ആന്ഡ്രിയയുമുണ്ട്.
ഫുള്‍ എ പ്ലസ് ലഭിച്ചതിനാല്‍ ഇഷ്ടവിഷയത്തില്‍ ഇഷ്ടപ്പെട്ട സ്കൂളില്‍തന്നെ പ്ലസ് വണ്‍ പഠിക്കാമെന്നായിരുന്നു പ്രതീക്ഷ. സയന്‍സ് ഗ്രൂപ്പില്‍ പഠിക്കാനാണ് ആന്‍ഡ്രിയ ആഗ്രഹിച്ചത്.
ഫുള്‍ എ പ്ലസ് ഉള്ളതിനാല്‍ ഏകജാലകത്തില്‍ അപേക്ഷ നല്കുമ്പോള് പഠിക്കാന്‍ താത്പര്യമുള്ള സ്കൂള്‍ മാത്രം രേഖപ്പെടുത്തിയാല്‍ മതിയെന്നു പലരും അഭിപ്രായപ്പെട്ടെങ്കിലും, 25 സ്കൂളുകളുടെ ഓപ്ഷന് ആന്‍ഡ്രിയ നല്‍കിയിരുന്നു.
എറണാകുളം ജില്ലയിലെ 20 ഉം ആലപ്പുഴ ജില്ലയിലെ അഞ്ചും സ്കൂളുകളില്‍ ആന്‍ഡ്രിയയുടെ അപേക്ഷയുണ്ട്. ഒന്നും രണ്ടും അലോട്ട്മെന്റുകള്‍ കഴിഞ്ഞെങ്കിലും സീറ്റ് കിട്ടിയില്ല.
സപ്ലിമെന്ററി അലോട്ട്മെന്റാണ് ഇനി പ്രതീക്ഷ. പിതാവ് ജോളി പവേലില്‍, ആന്‍ഡ്രിയയ്ക്കു സീറ്റ് തരപ്പെടുത്തിക്കൊടുക്കാനുള്ള നെട്ടോട്ടത്തിലാണ്. കമ്യൂണിറ്റി ക്വാട്ടയിലെ സീറ്റുകളിലും ആന്‍ഡ്രിയ പരിഗണിക്കപ്പെട്ടില്ല.
തനിക്കൊപ്പം പഠിച്ചു ഫുള്‍ എ പ്ലസ് നേടിയ പല വിദ്യാര്‍ഥികള്‍ക്കും സമാനമായ സ്ഥിതിയാണെന്നും ആന്‍ഡ്രിയ പറയുന്നു.
പെരുമ്പടപ്പ് സ്വദേശി വി.ജെ. സ്റ്റെല്ല, ഫോര്‍ട്ടുകൊച്ചി പാണ്ടിക്കുടിയിലെ മറിയം കെ. ദുല്‍ഖര്‍, മെഹനാസ് റഹ്മാന്, വിസ്മയ മാക്സിമിസ് എന്നിവരെല്ലാം ഫുള്‍ എപ്ലസ് തിളക്കമുണ്ടായിട്ടും പ്ലസ് വണ്‍ പ്രവേശനം സ്വപ്നം കാണുന്നവരാണ്.
ഇതില്‍ പലരുടെയും മാതാപിതാക്കള്‍ സാമ്പത്തിക പരാധീനതകളിലും പണം സംഘടിപ്പിച്ചു മാനേജ്മെന്റ് സീറ്റുകളോ അണ് എയ്ഡഡ് സീറ്റുകളോ ഉറപ്പിക്കാനുള്ള ഓട്ടത്തിലുമാണ്.