ചേർത്തല: ഒറ്റമശേരി കടല്‍ത്തീരത്ത് അടിഞ്ഞ ഭീമാകാരമായ തിമിംഗലത്തിന്റെ ജഡം രണ്ടുദിവസം പിന്നിട്ടിട്ടും മറവു ചെയ്തില്ല.
രൂക്ഷമായ ദുര്‍ഗന്ധമാണ് ഈ പ്രദേശം. ഇതിന്റെ അവശിഷ്ടങ്ങള്‍ കാക്കകളും മൃഗങ്ങളും പലയിടങ്ങളിലും കൊണ്ടുപോയി ഇടുന്നത് പരിസരവാസികള്‍ക്ക് തലവേദനയായി.
കഴിഞ്ഞ ഏഴിന് രാവിലെയാണ് ജഡം തീരത്ത് അടിഞ്ഞത്. രൂക്ഷമായ ദുർഗന്ധത്തെ തുടർന്ന് പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് ജഡം കണ്ടെത്തിയത്. 10 മീറ്ററിൽപ്പരം നീളമുള്ള ജഡത്തിന് പഴക്കവുമുണ്ടായിരുന്നു.
കടക്കരപ്പള്ളി പഞ്ചായത്ത് അധികൃതരും അർത്തുങ്കൽ തീരദേശ പോലീസും വനം, മൃഗസംരക്ഷണ വകുപ്പ് അധികൃതരും സ്ഥലത്തെത്തി അതിനെ മുറിച്ച് കരയിലെടുത്തു.
ഉടന്‍തന്നെ ഇതിനെ മറവുചെയ്യുമെന്ന് അധികൃതര്‍ പ്രദേശവാസികളെ അറിയിച്ച് പോയെങ്കിലും പിന്നീട് ഒരു വിവരവും ഇല്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഇതിനെ എത്രയും വേഗം മറവുചെയ്യണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷന്-എഐടിയുസി ദേശീയ കൗണ്‍സില്‍ അംഗം ജോയ് സി. കമ്പക്കാരന്‍ മന്ത്രി പി.പ്രസാദിനും ജില്ലാ കളക്ടര്‍ക്കും പരാതി നല്കി.