തിരുവനന്തപുരം: തന്പാനൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയായിൽ നിർത്തിയിട്ടിരുന്ന കാറുകൾ തല്ലിത്തകർത്ത പൂജപ്പുര സ്വദേശി ഏബ്രഹാം (18)നെ പോലീസ് അറസ്റ്റ് ചെയ്തു. കാറുകളിൽ നിന്നുംമോഷ്ടിച്ച സാധനങ്ങൾ നശിപ്പിച്ചെന്നാണ് പ്രതി പോലീസിനു മൊഴി നൽകിയിരിക്കുന്നത്.
ശനി രാത്രി തന്പാനൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയായിൽ നിർത്തിയിട്ടിരുന്ന 19 കാറുകളാണ് ഇയാൾ അടിച്ചു തകർത്തത്.
ഇന്നലെ രാവിലെ കാറുകൾ എടുക്കാൻ ഉടമസ്ഥർഎത്തിയപ്പോഴാണ് കാറുകൾ തകർത്ത നിലയിൽ കണ്ടത്. മിക്ക കാറുകളുടേയും വിൻഡോ ഗ്ലാസുകളാണ് തകർത്തിരിക്കുന്നത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഒരാൾ മാത്രമാണ് പ്രതിയെന്നു തിരിച്ചറിഞ്ഞത്. കാറുകളുടെ മ്യൂസിക് സിസ്റ്റത്തിന്റെ സ്പീക്കർ ഉൾപ്പെടെയുള്ളവ ഉൗരിയെടുക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്.
അതേസമം പണം വാങ്ങി പാർക്കിംഗ് ഒരുക്കുന്നതിനു കരാർ എടുത്തവരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥയാണ് കാറുകൾ തകർക്കപ്പെട്ടതിനു പിന്നിലെന്ന് കാർ ഉടമകൾ പറഞ്ഞു.
പണം നൽകിയാണ് കാർ പാർക്ക് ചെയ്തത്. കാർ അവിടെ സംരക്ഷിക്കുന്നതിനാണ് പണം നൽകുന്നത്. എന്നാൽ കരാർ എടുത്തവരുടെ ഭാഗത്തു നിന്നും കാറുകൾക്ക് സുരക്ഷ ഒരുക്കുന്നതിനു സാധിച്ചില്ലെന്നും കാറുടമകൾ ആരോപിക്കുന്നു.
കാറുടമകൾ പോലീസിലും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.