കാട്ടാക്കട : ബാലരാമപുരം കല്ലമ്പലത്തിനു സമീപം നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനുൾപ്പെടെ പത്ത് പേർക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ പതിനൊന്നിന് നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് കിഴക്കേകോട്ടയിലേയ്ക്ക് പോകുകകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സ്റ്റിയറിംഗ് ലോക്ക് വീണതിനെതുടർന്ന് ബസ് നിയന്ത്രണം വിടുകയായിരുന്നുവെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
അപകടത്തിൽ ബൈക്ക് യാത്രക്കാരാനായ കാരക്കോണം മെഡിൽക്കൽ കോളജിലെ ബയോ മെഡിക്കൽ വിഭാഗത്തിലെ ജീവനക്കാരൻ പാപ്പനംകോട് ചവനച്ചവിള അനുഗ്രഹ ഹൗസിൽ വിപിൻ ( 35), റോഡിൽ നിന്ന ആലുവിള പുത്തൻ വീട്ടിൽ മഞ്ചു (28), കാവുവിള സ്വദേശി രാജം (50), കെഎസ്ആർടി ബസ് ഡ്രൈവർ കോഴിക്കോട് സ്വദേശി അബ്ദുൾ സലാം (45), കണ്ടക്ടർ ഷൈനി (45) എന്നിവർക്കാണ് പരിക്കേറ്റത്.
ആശുപത്രിയിൽ പോകാനായി ഭർത്താവിനെ കാത്ത് നിൽക്കുകയായിരുന്ന മഞ്ചുവിനു ബസ് ഇടിച്ചിടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബൈക്കിൽ നെയ്യാറ്റിൻകര ഭാഗത്തേക്ക് പോവുകയായിരുന്നു വിപിന്റെ ബൈക്ക് ബസിനടിയിൽപ്പെട്ടു. കാലിനു പരിക്കേറ്റ വിപിൻ കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വഴിയാത്രക്കാരിയായ കാവുവിള സ്വദേശി രാജം (50) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ വൈദ്യൂതി തൂണും നിലംപതിച്ചു.അപകടത്തെ തുടർന്ന് കരമന-കളിയിക്കാവിള റോഡിൽ വാഹനഗതാഗതവും തടസപ്പെട്ടു.