അന്റോണിയോ മോഷൻ പിക്ചേഴ്സ് ആൻഡ് സമീർ മൂവീസിന്റെ ബാനറിൽ ദെസ്വിൻ പ്രേം സംവിധാനം ചെയ്യുന്ന ‘താര’ എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. ആൺ – പെൺ ബന്ധത്തിലെ സ്വാതന്ത്ര്യവും പരസ്പര ധാരണയും ചർച്ച ചെയ്യുന്ന സിനിമ ആൺകോയ്മയുടെ നീതികേടിനെ ചോദ്യം ചെയ്യുന്നു.
ചെന്നൈ നഗരത്തിൽ നിന്നു കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന സിതാരയിലൂടെയും ശിവയിലൂടെയുമാണ് കഥ വികസിക്കുന്നത്. തമിഴ് ത്രില്ലർ മൂവി ‘തൊടുപ്പി’യുടെ സംവിധായകനായ ദെസ്വിൻ പ്രേമിന്റെ ആദ്യ മലയാള സിനിമയാണിത്.
ഇതിനകം നിരവധി പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യൻ സിനിമയെ ഇളക്കിമറിച്ച ‘രാക്ഷസൻ’ എന്ന സിനിമയിലെ സൈക്കോ ക്രിമിനൽ ക്രിസ്റ്റഫറിനെ അവതരിപ്പിച്ച നാൻ ശരവണൻ ആദ്യമായി മലയാളത്തിൽ പ്രധാന വേഷത്തിൽ രംഗത്തെത്തുന്നു എന്ന പ്രത്യേകത കൂടി ‘താര’യ്ക്കുണ്ട്.
കേന്ദ്രകഥാപാത്രമായ സിതാരയായി വേഷമിടുന്നത് അനുശ്രീയാണ്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് അനുശ്രീയുടേത്.
ശിവ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ‘മാലിക്ക് ‘സിനിമയിലൂടെ ശ്രദ്ധേയനായ സനൽ അമനാണ്. ഒപ്പം വിജിലേഷ്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരും പ്രധാന താരങ്ങങ്ങളായുണ്ട്.
തൊടുപ്പി, ഉതിരിപ്പൂക്കൾ, മറിയാർപൂതം തുടങ്ങിയ തമിഴ്-മലയാളം സിനിമകളുടെ നിർമാതാവായ സമീർ പി.എം ആണ് ‘താര’യുടേയും നിർമാതാവ്.
സംവിധായകന്റെ തന്നെ തിരക്കഥയ്ക്ക് കവിയും എഴുത്തുകാരനുമായ ബിനീഷ് പുതുപ്പണം സംഭാഷണവും ഗാനരചനയും നിർവഹിക്കുന്നു. ക്യാമറ: ബിബിൻ ബാലകൃഷ്ണൻ, സംഗീതം:
വിഷ്ണു വി. ദിവാകരൻ, എഡിറ്റിംഗ്: വിനയൻ എം.ജെ , വസ്ത്രാലങ്കാരം: അഞ്ജന തങ്കച്ചൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷാൻ പുലിക്കൂടൻ, കാസ്റ്റിങ്ങ് ഡയറക്ടർ: ജെബിൻ ജെസ്മസ്, മേക്കപ്പ്: മണികണ്ഠൻ മരത്താക്കര.ചീഫ് അസോസിയേറ്റ് ഡയറക്ടർ: സജിത്ത് പഗോമേത്.
പിആർഒ: പ്രതീഷ് ശേഖർ.