സ്വന്തം ലേഖകൻ
ഒല്ലൂർ: സംഗീതത്തിന്റെ വീട്ടിൽ ജനിച്ച് ചെറുപ്പംമുതൽ ചെറുകുഴലിന്റെയും നാദസ്വരത്തിന്റെയും ശബ്ദസംഗീതം കേട്ടുവളർന്ന എട്ടുവയസുകാരനെ ചെണ്ട ആകർഷിച്ചതു കൗതുകത്തിൽനിന്നാണ്.
ചെറുകുഴൽ, നാദസ്വര വാദക കുടുംബത്തിലെ പിൻതലമുറക്കാരനായ ദീഷിത് ഒടുവിൽ തായന്പകയിൽ അരങ്ങേറ്റം കുറിക്കുകയാണ്; വരുന്ന വിജയദശമി നാളിൽ. എടക്കുന്നി ശ്രീ ദുർഗാ ഭഗവതി ക്ഷേത്രത്തിലാണ് അരങ്ങേറ്റം.
എടക്കുന്നി ഭഗവതി ക്ഷേത്രത്തിനു സമീപം ചെറുകുഴൽ വാദകനും ആചാര്യനുമായിരുന്ന പോഴംകണ്ടത്ത് രാമപ്പണിക്കരുടെ പിൻതലമുറക്കാരനും, പ്രശസ്ത നാദസ്വരം വാദകനായിരുന്ന പരേതനായ മുരളിയുടെ അനന്തരവനും, പോഴംകണ്ടത്ത് ലീമേഷിന്റെയും രാഖിയുടെയും മകനുമാണ് ദീഷിത്.
രണ്ടുവർഷത്തെ പരിശീലനത്തിനൊടുവിലാണ് അരങ്ങേറ്റം. തൃക്കൂർ അശോക് മാരാരുടെയും കേളത്ത് വീട്ടിൽ കണ്ണൻമാരാരുടെയും ശിക്ഷണത്തിലാണ് തായന്പക പരിശീലിച്ചത്.വീട്ടിലെത്തുന്ന, അച്ഛൻ ലീമേഷിന്റെ ചെണ്ടമേളക്കാരായ സുഹൃത്തുക്കളുമായുള്ള അടുപ്പമാണ് ചെണ്ടക്കോൽ പിടിക്കാൻ ദീഷിതിനു ധൈര്യം നല്കിയത്.
അച്ഛനും മകനും ചേർന്നു വീട്ടിൽതന്നെ നാദസ്വരക്കച്ചേരി വായിക്കുന്നതും ദീഷിതിനു ഹരമാണ്. ചെണ്ടവാദനത്തിൽ സ്വന്തം കഴിവുകൾ തെളിയിക്കാനുള്ള അവസരം ഏറ്റവും കുടുതൽ ലഭിക്കുന്നതു തായന്പകയിലാണ്. പഠനം അല്പം ബുദ്ധിമുട്ടാണ്.
ഒറ്റയ്ക്കു കാലങ്ങൾ മാറിമാറി കൊട്ടി മേളാസ്വാദകരുടെ മനസിലേക്കു കയറിപ്പറ്റാനുള്ള അവസരവും തായന്പകയിലുണ്ട്.ചെറുപ്പത്തിലേ ദീഷിത് ചെണ്ടയിൽ കാണിക്കുന്ന മികവ് ആശാൻമാരായ അശോക് മാരാരെയും കണ്ണനെയും ഏറെ സ്വാധീനിച്ചു.
മൂന്നുവർഷംവരെ നീളാവുന്ന ആദ്യഘട്ട പരിശീലനം രണ്ടുവർഷം കൊണ്ടുതന്നെ പൂർത്തിയാക്കിയതു പാരന്പര്യവും കഴിവും ഒത്തുചേർന്നതിന്റെ തെളിവാണെന്ന് ആശാൻമാർ അഭിപ്രായപ്പെട്ടു.
വിജയദശമിനാളിൽ എടക്കുന്നി ശ്രീദുർഗാ ഭഗവതിയുടെ മുന്നിൽ ഇലത്താളത്തിന്റയും വലംതലയുടെയും അകന്പടിയിൽ ദീഷിത് തായന്പക കൊട്ടുന്പോൾ ഇടവും വലവും വട്ടംപിടിക്കുന്നതു ഗുരുക്കൻമാരായഅശോകും കൃഷ് ണനുമായിരിക്കും. തലോർ ലിറ്റിൽ ഫ്ലവർ എൽപി സ്കുളിലെ രണ്ടാം ക്ലാസ് വിദ്യർഥിയാണ് ദീഷിത്.