തിരുവനന്തപുരം: മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ ആസ്വാദക മനസുകൾക്ക് നൽകിയ മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണുവിന് നാടിന്റെ അശ്രുപൂജ. ഉദരസംബന്ധമായ അസുഖം മൂലം കഴിഞ്ഞ ദിവസം അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ ഭൗതികദേഹം ഇന്ന് മൂന്നരയ്ക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
ഇന്ന് രാവിലെ 10.30 മുതൽ 12.30 വരെ അയ്യങ്കാളി ഹാളിൽ പൊതു ദർശനത്തിനു വച്ചു. മൃതദേഹത്തിൽ രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക, സിനിമാ രംഗത്തെ നിരവധി പേർ അന്ത്യാഞ്ജലി അർപ്പിച്ചു.
നാലു ദിവസം മുന്‍പാണ് നെടുമുടി വേണുവിനെ അസുഖത്തെ തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അന്ത്യം. 73 വയസായിരുന്നു. ഇന്നലെ വൈകുന്നേരം ഭൗതികദേഹം വീട്ടിലെത്തിച്ചു.
മന്ത്രിമാരായ സജി ചെറിയാന്, ജി.ആര്. അനില്‍, വി. ശിവന്‍കുട്ടി, ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, വി.കെ പ്രശാന്ത് എംഎല്‍എ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, നടൻ ഇന്ദ്രന്‍സ്, സംവിധായകരായ ഫാസില്‍, ഷാജി എന്‍. കരുണ്‍, നടി മേനക, നിര്‍മാതാവ് സുരേഷ് കുമാര്‍, വി.എം സുധീരൻ, ബിനോയ് വിശ്വം എംപി, മേയർ ആര്യ രാജേന്ദ്രൻ, നടി ജലജ, നന്ദു, മണിയൻപിള്ള രാജു, സുധീർ കരമന, മായ വിശ്വനാഥ്, മധുപാൽ, വിന്ദുജ മേനോൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷമി, നിർമാതാക്കളായ സുരേഷ് കുമാർ, രഞ്ജിത്ത്, ഗായകൻ ജി.വേണുഗോപാൽ തുടങ്ങിയവര്‍ ഇന്നലെ വട്ടിയൂര്‍ക്കാവിലെ വസതിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപക ദന്പതികളായ പി.കെ. കേശവൻപിള്ളയുടെയും പി. കുഞ്ഞിക്കുട്ടിയമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയവനായി 1948 മേയ് 22നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണുവിന്റെ ജനനം.
നെടുമുടി എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ, ചന്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം.
കോളജ് പഠന കാലത്ത് സഹപാഠിയും ഉറ്റചങ്ങാതിയുമായ സംവിധായകൻ ഫാസിലിനൊപ്പം ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ച് അരങ്ങിൽ ശ്രദ്ധ നേടി.
പിന്നീട് കാവാലം നാരായണപ്പണിക്കരുടെ നാടക സംഘത്തിലൂടെ അഭിനയത്തിൽ സജീവമായി. അവനവൻ കടന്പ അടക്കം കാവാലത്തിന്റെ പ്രശസ്ത നാടകങ്ങളിൽ അഭിനയിച്ചു.
1978 ൽ അരവിന്ദന്റെ തന്പിലൂടെ സിനിമ ലോകത്ത് സജീവമായി. പിന്നാലെ ഭരതന്റെ ആരവം, തകര എന്നീ സിനിമകളിൽ കൂടി വേഷമിട്ടതോടെ അഭിനയത്തിലെ ആ നെടുമുടി ശൈലി, മലയാളിയുടെ ഉള്ളു തൊട്ട ആസ്വാദനത്തിന്റെ കൊടുമുടി കയറി.
രണ്ടു തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരത്തിന് അർഹനായി. രണ്ടു തവണ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരവും ഒരു തവണ സ്പെഷൽ ജൂറി പരാമർശവും ലഭിച്ചു.
മികച്ച സഹനടനുള്ള ദേശീയ പുരസ്കാരവും പ്രത്യേക ജൂറി പരാമർശവും ആ അഭിനയ പ്രതിഭയെ തേടിയെത്തി. പൂരം എന്ന ചിത്രം സംവിധാനം ചെയ്തു.ഭാര്യ: ടി.ആർ. സുശീല. മക്കൾ: ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ.