മാന്നാർ: തുടർച്ചയായി പെയ്യുന്ന മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും ജലനിരപ്പ് ഉയർന്ന് അപ്പർകുട്ടനാടൻ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പുഞ്ചകൃഷിക്കിറങ്ങുന്ന പാടശേഖരങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
പെയ്തിറങ്ങുന്ന മഴവെളളം ഒഴുകി പോകാൻ സാഹചര്യം ഇല്ലാത്തത് വെള്ളക്കെട്ട് രൂക്ഷമാക്കി. കലങ്ങി മറിഞ്ഞ് വരുന്ന കിഴക്കൻ വെള്ളം കർഷകരെയും നാട്ടുകാരെയും ആശങ്കയിലാക്കുന്നു.
തോടുകളിലെയും പാടങ്ങളിലെയും ജലനിരപ്പ് ഉയരുകയാണ്. പാവുക്കര വൈദ്യൻ കോളനി, ഇടത്തേ കോളനി, കോവുംപുറം കോളനി എന്നിവിടങ്ങളിലെ പല വീടുകളും വെള്ളത്തിൽ ആണ്.
ഒരു മഴ പെയ്താൽ ഈ കോളനികളിലെ വീടും, പരിസരവും വെള്ളത്തിലാകും. ഇനിയും മഴ തുടർന്നാൽ വീടു വിട്ട് പോകേണ്ട അവസ്ഥയിലാണ് ഇവിടത്തെ കുടുംബങ്ങൾ. മൂർത്തിട്ട മുക്കാത്താരി റോഡിൽ കൊച്ചു വീട്ടിൽ പടിയിൽ വെള്ളം കയറി യാത്ര ബുദ്ധിമുട്ടിലായി.
ഒന്ന്, രണ്ട് വാർഡുകളിലെ ഒറ്റപ്പെട്ട ചില വീടുകളിൽ കഴിയുന്നവർ പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ്. ഇലമ്പനം തോട് പായലുകളും മാലിന്യങ്ങളും നിറഞ്ഞ് വെള്ളം ഒഴുകിപ്പോകാനാവാത്ത അവസ്ഥയിലാണ്.
പായലുകൾ നീക്കം ചെയ്യാൻ നടപടികൾ തുടങ്ങിയിരുന്നെങ്കിലും അപ്രതീക്ഷിത മഴ തടസമായി.
പുളവൻതോട്ടിലെ ഒഴുക്ക്തടസപ്പെട്ടു; വീടുകളിൽവെള്ളം കയറി
ഹരിപ്പാട്: ചേപ്പാട് ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന പുളവൻ തോട് ഒഴുക്ക് തടസപ്പെട്ട് കരകവിഞ്ഞു. മൂന്ന് വാർഡുകളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി.
പുളവൻതോടിന്റ മുട്ടം കലിങ്ങിൽ വലിയ പാറ തോട്ടിലേക്ക് വീണും അതിലേക്ക് മാലിന്യങ്ങൾ നിറഞ്ഞുമാണ് നിലവിൽ ഒഴുക്ക് തടസപ്പെട്ടിരിക്കുന്നത്.
ചേപ്പാട് പഞ്ചായത്ത് 5, 7, 8 എന്നീ വാർഡുകളിലെ നൂറോളം വീടുകളിലാണ് വെളളം കയറിയിരിക്കുന്നത്. ഈ ഭാഗത്തെ റോഡുകളിലും വെള്ളം കയറിയ നിലയിലാണ്.
രോഗഭീഷണിയിൽ…
നാട്ടുകാരും തൊഴിലുറപ്പ് തൊഴിലാളികളും തോട്ടിലെ മാലിന്യം നീക്കിയിട്ടും വെള്ളക്കെട്ടിന് ശമനമായില്ല. വെള്ളത്തോടൊപ്പം മാലിന്യങ്ങളും വീടുകളിലേക്ക് എത്തുന്നത് സാംക്രമിക രോഗ ഭീഷണിയും ഉയർത്തുന്നു. വിഷയത്തിൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
സ്പിൽവേ ഷട്ടർ തുറന്നു
അമ്പലപ്പുഴ: തോരാതെ പെയ്ത മഴയും അണക്കെട്ടു തുറന്നതോടെ ജലനിരപ്പ് ഉയർന്നതു ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളെ വെള്ളത്തിലാക്കി.കുട്ടനാട് ,അപ്പർകുട്ടനാട് എന്നിവിടങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് തോട്ടപ്പള്ളി സ്പിൽവേ ഷട്ടർ തുറന്നു.
ആകെയുള്ള 40ഷട്ടറുകളിൽ 25 ഷട്ടറുകളാണ് തുറന്നത്. ഇതോടെ കിഴക്കൻ വെള്ളം ശക്തിയായി കടലിലേക്ക് ഒഴുകിത്തുടങ്ങി. ഷട്ടറുകൾ തുറക്കണമെന്ന് കർഷകരുൾപ്പടെ ആവശ്യപ്പെട്ടതിനെ തുടർന്ന് കളക്ടർ എ. അലക്സാണ്ടർ ഇറിഗേഷൻ അധികൃതർക്ക് നൽകിയ നിർദേശത്തെ തുടർന്നാണ് ഷട്ടറുകൾ തുറന്നത്.
വൈകിട്ട് 5.30 ഓടെയാണ് ഷട്ടറുകൾ തുറക്കാനാരംഭിച്ചത്. രാത്രി 7.15 ഓടെ പൂർത്തിയായി. ഈ സമയം ദേശീയ പാതയിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു.