ഷൊർണൂർ: വംശനാശ ഭീഷണി നേരിടുന്ന വെള്ള അരിവാൾ കൊക്കൻ (ബ്ലാക്ക് ഹെഡഡ് ഐബിസ്) ഇനത്തിൽപ്പെട്ട കൊറ്റികളുടെ പ്രജനന കേന്ദ്രം കണ്ടെത്തി. ഷൊർണൂരടക്കമാണ് ഈ കൊറ്റില്ലങ്ങൾ ഉള്ളത്.
ജനവാസകേന്ദ്രങ്ങളിൽ തന്നെയാണ് ഇവയുടെ പ്രജനനം കണ്ടെത്തിയത്. പട്ടാന്പി, കൊപ്പം, ഷൊർണൂർ ജംഗ്ഷൻ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് അരിവാൾ കൊക്കൻ ഇനത്തിൽപ്പെട്ട കൊക്കു കുഞ്ഞുങ്ങൾ വിരിഞ്ഞതന്നാണ് കണ്ടെത്തൽ.
കേരള ബേഡ് മോണിറ്ററിംഗ് കൂട്ടായ്മ നടത്തുന്ന കൊക്ക് സർവേ സംസ്ഥാന തലത്തിൽ അന്തിമഘട്ടത്തിലാണ്. അരിവാൾ കൊക്കൻ, ചാരമുണ്ടി തുടങ്ങിയ കൊക്കിനങ്ങളുടെ പ്രജനനം മുൻപു പാലക്കാട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.
വംശനാശ ഭീഷണിയുടെ സാഹചര്യത്തിൽ ഐയുസിഎൻ (ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കണ്‍സർവേഷൻ ഓഫ് നേച്ചർ) റെഡ് ലിസ്റ്റിനോടടുത്തു ചേർത്ത ഇനം പക്ഷിയാണിത്.
അവസാന പക്ഷിയും ഇല്ലാതായാൽ ഇനം പട്ടികയിൽ വരുമെന്ന സാഹചര്യത്തിൽ പാലക്കാട്ടെ കണ്ടെത്തൽ പക്ഷിസ്നേഹികൾക്കു വലിയ ആശ്വാസമാണ്.
ഡോ.രോഷ്നാഥ് രമേഷിന്റെ നേതത്വത്തിലാണ് കൊറ്റില്ലങ്ങൾ എന്ന പേരിൽ കൊറ്റികളുടെ മാത്രം സർവേ സംസ്ഥാന തലത്തിൽ നടന്നത്. കൊക്ക് ഇനത്തിൽപ്പെട്ട ചെറിയ നീർക്കാക്ക, വലിയ നീർക്കാക്ക, കിന്നരി നീർക്കാക്ക, ചെറുമുണ്ടി, ചിന്ന മുണ്ടി, ഛായമുണ്ടി തുടങ്ങിയവയെയും വ്യാപകമായി കണ്ടെത്തി.
പാലക്കാട്ട് നാച്വറൽ ഹിസ്റ്ററി സൊസൈറ്റി ഓഫ് പാലക്കാടിനായിരുന്നു സർവേയുടെ ചുമതല. പ്രമുഖ പക്ഷിനിരീക്ഷകരായ എം.കൃഷ്ണമൂർത്തി, അഡ്വ. എൽ. നമശിവായം, ജി.വേണുഗോപാലൻ എന്നിവർക്കൊപ്പം സുസ്മിത് കൃഷ്ണൻ, എം.എസ്. നോവൽകുമാർ, വിവേക് സുധാകരൻ, കെ.രവി, എൻ.പ്രതാപൻ, ലതിക ഏനത്ത്, സുകുമാരൻ വർണം, സി.കെ.സ്മിത, വി.പ്രവീണ്‍, കെ.ആർ.സുന്ദരൻ തുടങ്ങിയവരാണ് സർവേയുടെ ഭാഗമായി വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു വിവരങ്ങൾ ശേഖരിച്ചത്.
കൊറ്റി വർഗത്തിൽപ്പെടുന്ന പക്ഷികൾ കൂടുകൂട്ടുന്ന മരങ്ങൾ, മരത്തിന്റെ പേര്, കൂടുകളുടെ എണ്ണം എന്നിവയാണു ശേഖരിച്ചത്. സംസ്ഥാനതലത്തിൽ ലഭ്യമാകുന്ന വിവരങ്ങൾ കൂടി സങ്കലനം ചെയ്തായിരിക്കും അന്തിമ റിപ്പോർട്ട്.സംഘം കൊറ്റിലയങ്ങൾ തേടിയുള്ള യാത്ര തുടരുകയാണ്.