ചേര്‍ത്തല: അന്തമില്ലാതെ കുതിച്ചുയരുന്ന പാചകവാതകവില അടുക്കളകളെ തളർത്തുമ്പോൾ അടുക്കളയിലെ മാലിന്യങ്ങൾ പാചകവാതകമാക്കി പ്രതിരോധിക്കുകയാണ് കടക്കരപ്പള്ളി കുന്നുമ്മേൽപറമ്പിൽ വത്സമ്മ.
ചേർത്തല മാടയ്ക്കലിലെ ഇവരുടെ വീട്ടിൽ പതിനഞ്ചുവര്‍ഷം മുമ്പ് സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് ഇപ്പോഴും സജീവമാണ്.
ഭർത്താവ് ജോസ് അടക്കം ഇവരുടെ മൂന്നംഗ കുടുംബത്തിന് സിലിണ്ടർ ഗ്യാസ് വളരെക്കുറച്ചു മാത്രമേ ഉപയോഗിക്കേണ്ടി വരുന്നുള്ളൂ.
വീട്ടിലെ അടുക്കളമാലിന്യങ്ങൾ കൂടാതെ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം മാർക്കറ്റിലെ പഴക്കടയിൽനിന്ന് കിട്ടുന്ന ചീഞ്ഞ പഴങ്ങളും പച്ചക്കറികളുമൊക്കെ പ്ലാന്റിൽ നിക്ഷേപിക്കും.
ദിവസേനയുള്ള പാചകാവശ്യത്തിന്റെ കൂടുതൽ ഭാഗവും ബയോഗ്യാസിൽ തന്നെ ചെയ്യാൻ പറ്റുന്നുണ്ട്. പതിനഞ്ച് കൊല്ലത്തിനിടെ ഒരിക്കൽ പോലും പ്ലാന്റ് ക്ലീൻ ചെയ്യേണ്ടി വന്നിട്ടില്ലെന്നും ഇവർ പറയുന്നു.
ഫിക്സഡ് ഡോം മാതൃകയിലുള്ള പ്ലാന്റാണ് സ്ഥാപിച്ചിട്ടുള്ളത്. ബയോഗ്യാസ് പ്ലാന്റുകളുടെ സർക്കാർ അംഗീകൃത ഏജൻസിയായ സഹൃദയയുടെ സാങ്കേതിക മേൽനോട്ടത്തിലാണ് ഈ പ്ലാന്റ് 2005 ൽ സ്ഥാപിച്ചത്.
സർക്കാരിന്റെ സബ്സിഡിയും ലഭിച്ചിരുന്നു. ഇപ്പോഴത്തെ സിലിണ്ടർ ഗ്യാസിന്റെ വില കണക്കാക്കിയാൽ ഒരു ബയോഗ്യാസ് പ്ലാന്റിന്റെ നിർമാണച്ചെലവ് രണ്ടോ മൂന്നോ വര്‍ഷം കൊണ്ടുതന്നെ തിരികെ വരുമെന്നാണ് ഇവരുടെ പക്ഷം.
പരിസരം ദുർഗന്ധവിമുക്തമാകുമെന്നു മാത്രമല്ല പ്ലാന്റിൽ നിന്ന് പുറത്തുവരുന്ന സ്ലറി നല്ല ജൈവ വളവുമാണ്.
ഇതുപയോഗിച്ച് പച്ചക്കറികളും മറ്റും ഇവർ കൃഷിചെയ്യുന്നുമുണ്ട്. കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി മാലിന്യ സംസ്കരണരംഗത്ത് പ്രത്യേകിച്ച് ബയോഗ്യാസ് നിർമാണ രംഗത്ത് സർക്കാരിന്റെ അംഗീകൃത ഏജന്‍സിയെന്ന നിലയിൽ പ്രവർത്തിച്ചു വരികയാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ.
ഫിക്സഡ് ഡോം പ്ലാന്റുകൾ കൂടാതെ സ്ഥലപരിമിതിയുള്ളവർക്കായി ഫൈബറിൽ നിർമിച്ച പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റുകളും സഹൃദയ സ്ഥാപിച്ചു നൽകുന്നുണ്ടെന്ന് ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെളിയിൽ പറഞ്ഞു.