ഒളിച്ചോടി ഹോട്ടല്‍ മുറിയില്‍ എത്തിയ ശേഷം അവിടെ വച്ച് കൗമാരക്കാര്‍ വിവാഹിതരായ സംഭവത്തില്‍ വിവാഹം അസാധുവാക്കി കോടതി.
വിവാഹം നിലനില്‍ക്കുന്നതല്ലെന്ന് വിധിച്ച കോടതി ദമ്പതികളില്‍ നിന്ന് 25000 രൂപ പിഴ ഈടാക്കാനും ഉത്തരവിട്ടു. ഹരിയാനയിലെ പഞ്ച്കുള സ്വദേശികളാണ് ഇരുവരും.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരുവരും വിവാഹിതരായത്. വരന് 19 വയസും അഞ്ച് മാസവും പെണ്‍കുട്ടിക്ക് 20 വയസുമായിരുന്നു പ്രായം. ഹോട്ടല്‍മുറിയിലെ പാത്രം ഹോമകുണ്ഡമാക്കി ആചാരപ്രകാരമായിരുന്നു വിവാഹം.
അഗ്നിസാക്ഷിയാക്കി വരണമാല്യം ചാര്‍ത്തിയെന്നെല്ലാം കോടതിയില്‍ ബോധിപ്പിച്ചെങ്കിലും പ്രായപൂര്‍ത്തി ആവാത്തതിനാല്‍ വിവാഹം അസാധുവാണെന്നായിരുന്നു കോടതി വിധിച്ചത്.
വിവാഹത്തിന് മറ്റു രേഖകളോ, ചിത്രങ്ങളോ ഒന്നും ഉണ്ടായിരുന്നതുമില്ല. വീട്ടുകാര്‍ ബലപ്രയോഗം നടത്താനൊരുങ്ങിയതോടെയാണ് സുരക്ഷ തേടി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ജീവന് ഭീഷണിയുണ്ടെന്ന ഇരുവരുടെയും വാദം അംഗീകരിച്ച കോടതി ഇവര്‍ക്ക് സുരക്ഷ നല്കാന് പഞ്ച്കുള പൊലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.