കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, നിമിഷ സജയന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്.
ജോസഫ് എന്ന ചിത്രത്തിന് ശേഷം ഷാഹി കബീര്‍ തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സിനിമയിലെ കുഞ്ചാക്കോ ബോബന്റെ പ്രകടനവും ഏറെ മികച്ചതായിരുന്നു.
നായാട്ട് സിനിമ തന്നിലേക്ക് വന്നതിനെക്കുറിച്ച് കുഞ്ചാക്കോ ബോബന് ഒരഭിമുഖത്തില്‍ മനസ് തുറന്നിരുന്നു.
സംവിധായകന് മാര്ട്ടിന് പ്രക്കാട്ട് നായാട്ട് ചെയ്യാന്‍ ഒരുങ്ങുന്നു എന്നറിഞ്ഞ് അദ്ദേഹത്തോട് ഞാന്‍ അതില്‍ ഭാഗമാകാനുള്ള ആഗ്രഹമറിയിച്ചിരുന്നു.
എന്നാല്‍ ഈ വേഷം ചെയ്യാന്‍ ചാക്കോച്ചന് കഴിയുമോ എന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. ഞാന്‍ മാറാമെന്നും മാറ്റിപ്പിടിക്കാമെന്നുമൊക്കെ അദ്ദേഹത്തിന് ഉറപ്പു നല്കി. മാര്ട്ടിന്കൂടി ഈ മാറ്റത്തിന് പിന്നിലുണ്ട്.
ചാക്കോച്ചന് പോലീസായാല്‍ ശരിയാകുമോ എന്നൊക്കെയായിരുന്നു ചിലരുടെ ധാരണയെന്ന് തോന്നുന്നു.
ചങ്ങനാശേരി പോലീസ് സ്റ്റേഷനില്‍ പോയി നേരിട്ട് കണ്ട് മനസിലാക്കിയാണ് ഓരോ കാര്യങ്ങളും പോലീസുകാരുടെ മാനറിസങ്ങളും പഠിച്ചത്.
സിനിമയില്‍ ചാക്കോച്ചനല്ല, മറ്റൊരാളാണ് എന്ന് പലരും പറയുന്നതിന് പിന്നില്‍ അത്തരത്തിലുള്ള ചില തയാറെടുപ്പുകളുണ്ട്. -കുഞ്ചാക്കോ ബോബന് പറഞ്ഞു.
-പിജി