ബംഗളൂരു: സാമ്പാറിന് രുചി കുറഞ്ഞു പോയതിന്റെ പേരില്‍ യുവാവ് അമ്മയേയും സഹോദരിയേയും വെടിവച്ചു കൊലപ്പെടുത്തി. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലുള്ള കൊഡഗൊഡു എന്ന സ്ഥലത്താണ് സംഭവം.
പാര്‍വതി നാരായണ(42), മകള്‍ രമ്യ നാരായണ(19) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മകന് മഞ്ജുനാഥ്(24)നെ പോലീസ് അറസ്റ്റ് ചെയ്തു.
വീട്ടില്‍ മദ്യപിച്ചെത്തിയ മഞ്ജുനാഥ് വീട്ടിലുണ്ടാക്കിയ സാമ്പാറിന് രുചിയില്ലെന്ന് പറഞ്ഞ് വഴക്കുണ്ടാക്കി. കൂടാതെ ലോണെടുത്ത് സഹോദരിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുന്നതിനെയും ഇയാള്‍ എതിര്‍ത്തു.
എന്നാല്‍ മകള്‍ക്ക് മൊബൈല്‍ വാങ്ങി നല്കുന്ന കാര്യത്തില്‍ ഇടപെടാന്‍ മഞ്ജുനാഥിന് അവകാശമില്ലെന്ന് അമ്മ പറഞ്ഞു. ഇതില്‍ ക്ഷുഭിതനായ മഞ്ജുനാഥ് വീട്ടിലിരുന്ന നാടന്‍ തോക്കെടുത്ത് അമ്മയെയും സഹോദരിയെയും വെടിവയ്ക്കുകയായിരുന്നു.
ഈ സമയം മഞ്ജുനാഥിന്റെ പിതാവ് വീട്ടിലില്ലായിരുന്നു. ഇദ്ദേഹമാണ് സംഭവത്തെക്കുറിച്ച് പോലീസില്‍ അറിയിച്ചത്.