കൊല്ലം: ഉത്ര വധക്കേസില്‍ കോടതിയുടെത് ന്യായമായ വിധിയാണെന്ന് വാവ സുരേഷ്. തൂക്കിലേറ്റുന്നതിനേക്കാള്‍ മാന്യമായ വിധിയാണിത്.
വധശിക്ഷ വിധിച്ചാല്‍ കുറച്ച് പേര് അതിനെതിരെ രംഗത്തെത്തും. അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ള നാട്ടില്‍ വധശിക്ഷയ്ക്കെതിരെ അവര്‍ കോടതിയില്‍ പോകും. അതിലും ഭേദം ഈ ശിക്ഷയാണ്.
വിധി എല്ലാവര്ക്കും പാഠമാകട്ടെ. വിധിയില്‍ ഉത്രയുടെ അമ്മയ്ക്ക് നിരാശയുണ്ടെന്ന് കണ്ടു. അവര്‍ക്ക് വൈകാതെ കാര്യങ്ങള്‍ മനസിലാകുമെന്നാണ് കരുതുന്നതെന്നും സുരേഷ് പറഞ്ഞു.
പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ വാവ സുരേഷ് കേസില്‍ സാക്ഷിയായി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
ഉത്രയ്ക്ക് അണലിയുടെ കടിയേറ്റു എന്ന് കേട്ടപ്പോള്‍ തന്നെ അസ്വഭാവികത തോന്നിയിരുന്നു. രണ്ടാംനിലയില്‍ കയറി അണലി കടിക്കുന്നത് ഇതുവരെ തന്റെ അനുഭവത്തിലില്ല.
അണലി ഒരിയ്ക്കലും രണ്ടാം നില വരെ കയറില്ല. രണ്ടാമത് മൂര്‍ഖന്‍ കടിയേറ്റു എന്നു കേട്ടപ്പോഴും അസ്വഭാവികത തോന്നി.
സൂരജും ഭാര്യയും കിടന്നുറങ്ങുന്ന മുറിയില്‍ സൂരജിനെ മറികടന്ന് മൂര്‍ഖന്‍ ഉത്രയെ കടിക്കാന്‍ ഒരു സാധ്യതയുമില്ല.
കേരളത്തില്‍ ഇതിനു മുന്‍പ് ഇത്തരമൊരു കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തു തന്നെ മൂന്നാമത്തെ കേസാണിത്.
ആദ്യ രണ്ടു കേസുകളില്‍ തെളിവുകളില്ലാത്തതിനാല്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല.
എന്നാല്‍ ഈ കേസില്‍ പോലീസും പ്രോസിക്യുഷനും വനംവകുപ്പും മറ്റെല്ലാ വിഭാഗങ്ങളും ഒരുമിച്ച് നടത്തിയ നീക്കമാണ് പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയതെന്നും വാവ സുരേഷ് പറഞ്ഞു.