മലയാളികള്‍ക്ക് ഇഷ്ടചിത്രങ്ങളിൽ ഒന്നാണ് ബ്ലെസി സംവിധാനം ചെയ്ത തന്മാത്ര. അല്‍ഷിമേഴ്സ് എന്ന രോഗാവസ്ഥയിലൂടെ കടന്നുപോവുന്ന രമേശന് നായരുടെയും കുടുംബത്തിന്റെയും കഥ പ്രേക്ഷകരുടെ കണ്ണുനിറച്ചിരുന്നു.
ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശന് നായര്‍ എന്ന കഥാപാത്രത്തിന്റെ മകനായി എത്തിയത് അര്ജുന് ലാല്‍ ആയിരുന്നു. ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവേളയില്‍ സ്പെഷല്‍ ജൂറി പരാമര്‍ശവും അര്ജുന് നേടിയിരുന്നു.
നല്ലൊരു ഡാന്‍സര്‍ കൂടിയാണ് അർജുൻ. തന്മാത്രയ്ക്ക് ശേഷം ഏറെ അവസരങ്ങള്‍ തേടിയെത്തിയെങ്കിലും പഠനം പൂര്‍ത്തിയാക്കാനായി സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു അര്ജുന്.
ചാലക്കുടിയിലും ദുബായിലും ബാംഗളൂരുവിലുമായി തന്റെ പഠനം പൂര്‍ത്തിയാക്കിയ അര്ജുന് ബംഗളൂരുവില്‍ നിന്ന് എംബിഎയും നേടി. തന്മാത്ര കഴിഞ്ഞ് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആശാബ്ലാക്ക് എന്നൊരു സിനിമയിലും അര്ജുന് അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ, വെള്ളിത്തിരയിലേക്ക് അര്ജുന് വീണ്ടുമെത്തുകയാണ്. ഇത്തവണ നടനായല്ല, തിരക്കഥാകൃത്ത് ആയാണ് അര്‍ജുന്റെ വരവ്.
ടൊവിനോ തോമസിനെ നായകനാക്കി നടന് വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകളില്‍ ഒരാളാണ് അര്ജുന്. ഷറഫ് – സുഹാസ് എന്നിവര്‍ക്കൊപ്പം ചേര്‍ന്നാണ് അര്ജുന് തിരക്കഥയെഴുതിയത്. ദര്‍ശന രാജേന്ദ്രനാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ അര്‍ജുനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. -പിജി