കോട്ടയം: ന്യൂ ജെനറേഷൻ പാർക്കിംഗ് സംവിധാനത്തിൽ പെരുമ നേടി കോട്ടയം റെയിൽവേ സ്റ്റേഷൻ.
റെയിൽവേ യാത്രക്കാർക്ക് തങ്ങളുടെ ടൂവീലർ സുരക്ഷിതമായും മഴ നനയാതെയും സൂക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
രണ്ടരകോടി രൂപ ചെലവിൽ സ്റ്റേഷൻ കവാടത്തോടു ചേർന്നാണ് മൾട്ടിലെവൽ പാർക്കിംഗ് സമുച്ചയം നിർമിച്ചിരിക്കുന്നത്.
പാർക്കിംഗ് കേന്ദ്രം പൂർണായും തുറന്നുകൊടുത്തിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പാർക്കിംഗ് സമുച്ചയം തുറന്നിരിക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ തുറന്ന ഈ പാർക്കിംഗ് കേന്ദ്രം മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് റെയിൽവേ.
1628 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നു നിലകളിലായാണു പാർക്കിംഗ്. 350 ടൂവീലറുകൾ ഒരേ സമയം പാർക്ക് ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്.
ഇരുന്പു ബീമുകളും സ്ക്വയർ പൈപ്പും പാനലുകളും ഉപയോഗിച്ചുള്ളു സ്റ്റീൽ സ്ട്രക്ചർ നിർമാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്.
ഓരോ നിലയിൽനിന്നും റാന്പ് വഴി ടൂവീലറുകൾക്ക് മുകളിലത്തെ നിലയിലെത്താം. നിലവിലുള്ള പാർക്കിംഗ് സ്ഥലത്തിന്റെ അടുത്തു തന്നെയാണ് പുതിയ സമുച്ചയം നിലവിൽ വരുന്നത്.
പുതിയ പാർക്കിംഗ് സംവിധാനം നിലവിൽ വന്നാലും പഴയസ്ഥലം തുടർന്നും ഉപയോഗിക്കാൻ കഴിയും.
പാർക്കിംഗ് കേന്ദ്രത്തിൽ സജ്ജീകരിച്ചിരിക്കുന്ന റാന്പിൽ വാഹനം നിർത്തുന്നതോടെ ടോക്കണ്‍ ലഭിക്കും. വാഹനം ടോക്കണ്‍ ലഭിച്ച റാക്കിൽ പാർക്ക് ചെയ്യാം.
ഹെൽമറ്റും വാഹനത്തിനോടൊപ്പം സൂക്ഷിക്കാൻ കഴിയുമെന്നതാണു മറ്റൊരു പ്രത്യേകത.
റെയിൽവെ സ്റ്റേഷനിലെ പാർക്കിംഗ് സ്ഥലത്തുനിന്ന് അടുത്തിടെ നിരവധി ഇരുചക്രവാഹനങ്ങൾ മോഷണം പോയിരുന്നു.
പുതിയ സമുച്ചയം പ്രവർത്തനം ആരംഭിക്കുന്നതോടെ വാഹന മോഷണങ്ങൾക്കും ഒരു പരിധി വരെ അറുതിയാകും. പാർക്കിംഗ് കേന്ദ്രത്തിന്റെ നടത്തിപ്പ് സ്വകാര്യ വ്യക്തികൾക്ക് ടെൻഡർ നൽകിയിരിക്കുകയാണ്.
രണ്ടു മണിക്കൂർ വരെ അഞ്ചു രൂപയും എട്ടു മണിക്കൂർ വരെ 15 രൂപയും 24 മണിക്കൂറിന് 20 രൂപയുമാണ് ഫീസ്.