മലപ്പുറം: നാടുകാണിച്ചുരത്തിലെ കുട്ടിക്കുരങ്ങന്റെ വിലയേ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്കുള്ളുവെന്നും കെ.സി. വേണുഗോപാൽ ബിജെപി ഏജന്റ് ആണെന്നും പി.വി. അൻവർ എംഎൽഎ. തന്നെ തെരഞ്ഞ് കോൺഗ്രസുകാർ ആരും ടോർച്ചടിക്കേണ്ടന്നും അദ്ദേഹം വിമർശിച്ചു.
എല്ലാം കേട്ട് തലതാഴ്ത്തി നടക്കാന്‍ കഴിയില്ല. ഇങ്ങോട്ട് കാണിക്കുന്ന സംസ്ക്കാരം മാത്രമെ അങ്ങോട്ടും കാണിക്കൂ. എംഎൽഎ ആയെന്ന് വച്ച് അവർ പറയുന്നതെന്തും കേട്ടിരിക്കാൻ പറ്റില്ലെന്നും അൻവർ വ്യക്തമാക്കി.
അസഭ്യം പറയുന്ന ചാനല്‍ നിരീക്ഷകരോട് ആ രീതിയില്‍ തന്നെ പ്രതികരിക്കും. ഉത്തരവാദിത്തപ്പെട്ട പാർട്ടിയുടെ പ്രതിനിധിയായിട്ടാണ് ഞാൻ നിയമസഭയിലെത്തിയത്. പാർട്ടിക്ക് അതിന്റേതായിട്ടുള്ള ചട്ടക്കൂടുണ്ട്.
ആ ചട്ടക്കൂടിനനുസരിച്ചേ എനിക്കും, ആർക്കും പ്രവർത്തിക്കാനാകൂ. എംഎൽഎ ആയതുകൊണ്ട് എല്ലാവർക്കും ചവിട്ടാമെന്ന് കരുതേണ്ടെന്ന് അൻവർ മുന്നറിയിപ്പ് നൽകി.