പാമ്പുകളെ പേടിയില്ലാത്ത ആളുകള്‍ ചുരുക്കമാണ്. അപ്പോള്‍ പിന്നെ ഒരു പാമ്പ് വീടിനകത്തു കയറിയാല്‍ പിന്നെ പകുതി ജീവന് പോയതു തന്നെ.
അതേ സമയം വീടിനകത്ത് 90 പാമ്പുകളെ ഒന്നിച്ചു കണ്ടാല്‍ പേടിച്ച് ജീവന് പോയതു തന്നെയെന്ന് പറയേണ്ടി വരും.അത്തരമൊരു അവസ്ഥയാണ് കലിഫോര്‍ണിയയിലെ സൊനോമ കൗണ്ടിയിലുള്ള ഒരു വീട്ടമ്മയ്ക്കു നേരിടേണ്ടി വന്നത്.
വീടിന്റെ തറയ്ക്കുള്ളില്‍ പാമ്പുണ്ടെന്നു ഇവര്‍ക്കു സംശയം തോന്നി. എന്തായാലും മുന്‍കരുതല്‍ എടുക്കാമെന്നു കരുതി. സൊനോമ കൗണ്ടി റെപ്റ്റൈല്‍ റെസ്ക്യു പ്രവര്‍ത്തകരെ വിവരമറിയിച്ചു.
പാമ്പുപിടുത്ത വിദഗ്ധരെത്തി പരിശോധിച്ചപ്പോഴാണ് വീടിന്റെ അടിയില്‍ നിന്ന് തൊണ്ണൂറിലധികം വിഷപ്പാമ്പുകളെ കണ്ടെത്തിയത്.
റാറ്റില്‍ സ്നേക്ക് വിഭാഗത്തില്‍ പെട്ട 59 പാമ്പിന് കുഞ്ഞുങ്ങളെയും 22 മുതിര്‍ന്ന പാമ്പുകളെയുമാണ് വീടിന്റെ അടിത്തറയിലെ വിടവിനിടയില്‍ നിന്നും കണ്ടെത്തിയത്.
സൊനോമ കൗണ്ടി റെപ്റ്റൈല്‍ റെസ്ക്യുവിന്റെ ഡയറക്ടറായ അല്‍ വുള്‍ഫ് ആണ് പാമ്പുകളെ നീക്കം ചെയ്തത്. പിന്നീട് രണ്ട് പ്രാവശ്യം കൂടി അല്‍ വുള്‍ഫ് അവിടം സന്ദര്‍ശിച്ചിരുന്നു. വീണ്ടും അവിടെനിന്ന് 11 പാമ്പുകളെ കൂടി പിടികൂടി.
മഞ്ഞുകാലത്തിന്റെ തുടക്കമായ ഒക്ടോബര്‍ മാസത്തിലാണ് റാറ്റില്‍ സ്നേക്ക് വിഭാഗത്തില്‍ പെട്ട പാമ്പുകള്‍ ഇണചേരുക. വീടിന്റെ അടിത്തറ നിര്‍മിച്ചിരിക്കുന്ന പാറക്കെട്ടുകള്‍ക്കിടയിലാണ് ഇവ താവളമാക്കിയിരുന്നത്.
ആദ്യമായാണ് വീടിന്റെ അടിയില്‍ നിന്ന് ഇത്രയധികം പാമ്പുകളെ ഒന്നിച്ചു നീക്കം ചെയ്യുന്നതെന്ന് ഇവര്‍ വ്യക്തമാക്കി.