കോഴിക്കോട്: തിരുവണ്ണൂരില് മാരക ലഹരിമരുന്നുമായി പിടിയിലായ അമൃത തോമസ് വയനാട്ടില്‍ ഡിജെ പാര്‍ട്ടി നടത്താന്‍ പദ്ധതിയിട്ടതായി വിവരം.
അടുത്താഴ്ച വയനാട്ടില്‍ പാര്‍ട്ടി നടക്കുമെന്നാണ് എക്സൈസിനായി പ്രവര്‍ത്തിച്ച ചാരനോട് അമൃത വ്യക്തമാക്കിയത്.
എന്നാല്‍ എവിടെയാണ് പാര്‍ട്ടി നടക്കുന്നതെന്നോ ആരാണ് പാര്‍ട്ടി നടത്തിപ്പിനുള്ള സാമ്പത്തിക ചെലവുകള്‍ നടത്തുന്നതെന്നോ വ്യക്തമല്ല.
അമൃതയെക്കുറിച്ച് എറണാകുളം ആന്റി നാര്‍ക്കോട്ടിക് സ്പഷല് ആക്ഷന്‍ ഫോഴ്സ് (ഡന്‍സാഫ്)നും വിവരം ലഭിച്ചിരുന്നു. പിടികൂടാനിരിക്കെയാണ് എക്സൈസ് ഫറോക്ക് റേഞ്ച് അധികൃതരുടെ പിടിയിലാവുന്നത്.
ഇത്തരം വിവരങ്ങള്‍ സംബന്ധിച്ച് അമൃതയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി വീണ്ടും ചോദ്യം ചെയ്യും.
സിനിമാ -ബിസിനസ് രംഗത്തുള്ള നിരവധി പേരുമായി അമൃതയ്ക്ക് സൗഹൃദമുണ്ട്.
ലഹരി വില്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് ഇത്തരം സൗഹൃദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. കൊച്ചിയിലെ ലഹരി മരുന്ന് കേസില്‍ ഡന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്ന അമൃത.
കൊച്ചിയില്‍നിന്ന് കോഴിക്കോടെത്തുന്നവര്‍ക്ക് റിസോര്‍ട്ടുകളില്‍ ലഹരിപാര്‍ട്ടി ഏര്‍പ്പെടുത്തിയിരുന്നതിന് പിന്നില്‍ അമൃതയ്ക്ക് പങ്കുണ്ട്.
ഈ മാസം എട്ടിനാണ് തിരുവണ്ണൂരില് എക്സ്റ്റസി എന്ന മാരക ലഹരിമരുന്നിന്റെ 15 ഗുളികകളുമായി അമൃത ഫറോക്ക് റേഞ്ച് എക്സൈസിന്റെ പിടിയിലായത്.