അമ്പലപ്പുഴ: ആലപ്പുഴ ജില്ലയുടെ കിഴക്കൻ മേഖലയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി മത്സ്യബന്ധന വള്ളങ്ങൾ സജ്ജമാക്കി. ഫിഷറീസ് വകുപ്പിന്റെയും തോട്ടപ്പള്ളി തീരദേശ പോലീസിന്റെയും നേതൃത്വത്തിലാണ് വള്ളങ്ങൾ സജ്ജമാക്കിയത്.
നിലവിൽ തലവടി, ചെങ്ങന്നൂർ, മങ്കൊമ്പ് പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്കായി ആകെ 12 വള്ളങ്ങൾ എത്തിച്ചിട്ടുണ്ട്. കൂടാതെ ഏതു സമയത്തും പ്രദേശങ്ങളിൽ എത്തിക്കാവുന്ന രീതിയിൽ മറ്റു വള്ളങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ലോറികളിലാണ് വള്ളങ്ങൾ തോട്ടപ്പള്ളി തുറമുഖത്തു നിന്നും പുറപ്പെട്ടത്. പോലീസിനും ജനപ്രതിനിധികൾക്കും സഹായമായി കോസ്റ്റൽ വാർഡർമാരുടെ സേവനവും ലഭിച്ചു. അണക്കെട്ടുകൾ തുറക്കേണ്ടി വന്നാൽ ജില്ലയുടെ കിഴക്കൻ പ്രദേശത്തുണ്ടാകുന്ന ദുരിതത്തെ നേരിടാനായാണ് പ്രളയകാലത്തെന്നപോലെ ഇത്തവണയും മത്സ്യത്തൊഴിലാളികളുടെ സേവനം തേടിയത്.
എച്ച്. സലാം എംഎൽഎ തുറമുഖത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് യാത്രയയപ്പു നൽകി. ഏതു പ്രതിസന്ധിയേയും നേരിടാൻ മത്സ്യത്തൊഴിലാളികൾ തയാറാണെന്ന് എസ്ഐ കമലൻ പറഞ്ഞു. എസ്ഐമാരായ ജോർജ്, ബൈജു വർഗീസ്, ഫിഷറീസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, പഞ്ചായത്തംഗങ്ങളായ അഡ്വ. ജിനുരാജ്, കെ. രാജീവൻ, രാഹുൽ , ഫിഷറീസ് ഡിഡിഇ രാജീവൻ, ഫിഷറീസ് രജിസ്ട്രാർ ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.