നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ കൊക്കെയ്ന്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ച് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ.
പിടിയിലായവരില്‍ ഐവറി കോസ്റ്റ് സ്വദേശിനി സീവി ഒഡോത്തി ജൂലിയറ്റ് ഒമ്പത് മാസത്തിലേറെയായി ഇന്ത്യയില്‍ തങ്ങുകയാണ്.
കൊച്ചിയിലെ ഏതൊക്കെ ഹോട്ടലുകളില്‍ ഇവര്‍ താമസിച്ചിരുന്നുവെന്നും ആരൊക്കെ സന്ദര്‍ശിച്ചിരുന്നുവെന്നും വിശദമായി അന്വേഷിക്കാനാണ് എന്‍സിബിയുടെ തീരുമാനം.
ഐവറി കോസ്റ്റ് സ്വദേശികളെ ഉപയോഗിച്ച് കൊക്കെയ്ന്‍ എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. കഴിഞ്ഞദിവസം കൊക്കെയ്ന്‍ കൊണ്ടുവന്ന കാനേ സിംപേ ജൂലി തുണിത്തരങ്ങള്‍ വാങ്ങാനെന്ന പേരിലാണ് ഇന്ത്യയില്‍ എത്തിയത്.
കൊക്കെയ്ന്‍ കൈമാറിയാല്‍ 20 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങിനല്‍കാമെന്ന് സീവി ഒഡോത്തി വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് വിവരം. എന്നാല്‍, ബിസിനസ് വിസയായിരുന്നില്ല ഇവരുടെ കൈവശമുണ്ടായിരുന്നത്.
അതിനാല്‍ എമിഗ്രേഷന്‍ വിഭാഗം പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് 580 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തത്.
നെടുമ്പാശ്ശേരി അകപ്പറമ്പിലെ ഹോട്ടലില്‍ കൊക്കെയ്ന്‍ കൈമാറാനാണ് ധാരണയുണ്ടാക്കിയിരുന്നത്. ഹോട്ടലില്‍ സിംപേക്കായി മുറിയും ബുക്ക് ചെയ്തിരുന്നു.
പിടിയിലായപ്പോള്‍ സിംപേ ഡിആര്‍ഐ അധികൃതരോട് വിവരം തുറന്നുപറഞ്ഞു. തുടര്‍ന്ന് ഒഡോത്തിയെ വിളിച്ചുവരുത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒഡോത്തി കൊച്ചിയിലെ കൊക്കെയ്ന്‍ ഇടപാടിലെ പ്രധാന കണ്ണിയാണെന്ന് നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ സംശയിക്കുന്നു.
സഹായികളായി മലയാളികളായ ചിലരുമുണ്ടെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കൊച്ചിയിലെ കൊക്കെയ്ന്‍ റാക്കറ്റിലെ കൂടുതല്‍ പേര് വലയിലാകും.
വിവിധ ഹോട്ടലുകളില്‍ മയക്കുമരുന്ന് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിലും ഇവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും.