തിരുവനന്തപുരം: പത്തനംതിട്ട, കോട്ടയം, ഇടുക്കി ഉൾപ്പെടെ എട്ടു ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, കണ്ണൂർ, കാസര്‍ഗോഡ് എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് രാവിലെ തെക്കൻ കേരളത്തിൽ മഴയ്ക്ക് ശമനമുണ്ടായി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ രാവിലെ മഴ മാറി നിന്ന അവസ്ഥയായിരുന്നു.മഴക്കെടുതിയും ഡാമുകൾ തുറക്കുന്നതും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അടിയന്തിര യോഗം രാവിലെ കൂടുന്നുണ്ട്.
ചീഫ് സെക്രട്ടറിയും മന്ത്രിമാരും ദുരന്ത നിവാരണ അതോറിട്ടി അംഗങ്ങളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.അതേസമയം പത്തനംതിട്ട ജില്ലയിലെ പ്രളയ സ്ഥിതി വിലയിരുത്തുന്നതിന് റവന്യു മന്ത്രി കെ രാജന്, ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, എംപി, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗം രാവിലെ കളക്ടറേറ്റില്‍ ചേർന്നു.
ഷോളയാർ ഡാം 10 മണിയോടെ തുറക്കുന്നതിനാൽ ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിർദ്ദേശ പ്രകാരം ക്യാമ്പുകളിലേയ്ക്ക് ഉടൻ മാറിത്താമസിക്കണമെന്നും ജില്ലാ കലക്ടർ ഹരിത.വി.കുമാർ അറിയിച്ചു. പത്തനംതിട്ട കക്കി ഡാമിന്റെ ഷട്ടറുകളും തുറക്കും.
പമ്പ ,അച്ചന്‍കോവില്‍, മണിമല നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കിയിൽ ഇപ്പോൾ ഓറഞ്ച് അലർട്ടാണെങ്കിലും ജലനിരപ്പ് ഇനിയും വർധിച്ചാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2396.90 അടിയായി. ജലനിരപ്പ് ഒരടി കൂടി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അതിന് ശേഷം ഷട്ടർ തുറന്ന് ജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും.
ദുരന്തം തകർത്ത കൊക്കയാറിൽ കാണാതായ മൂന്നു വയസുകാരനുവേണ്ടി തെരച്ചിൽ തുടരുകയാണ്. നൂറിലേറെ വീടുകളാണ് ഈ മേഖലയിൽ വെള്ളപ്പാച്ചിലിൽ തകർന്നത്. ഇവിടെ മരിച്ച അഞ്ചു പേരുടെ മൃതദേഹം ഇന്നലെ രാത്രിയോടെ സംസ്കരിച്ചു.കോഴിക്കോട് മലയോര മേഖലയില്‍ അടക്കം ജാഗ്രത തുടരുകയാണ്.
വടകര, കൊയിലാണ്ടി താലൂക്കുകളിലായി 9 വീടുകളാണ് ഭാഗികമായി നശിച്ചത്. ഇവിടെ ഇപ്പോൾ ശക്തമായ മഴ ഇല്ല. കക്കയം അണക്കെട്ടിലേക്കുളള വഴിയില്‍ ഫോറസ്റ്റ് ചെക് പോസ്റ്റിനടുത്ത് മണ്ണിടിഞ്ഞതിനാല്‍ ഇതുവഴിയുളള വാഹന ഗതാഗതം നിരോധിച്ചു. .