മുണ്ടക്കയം: ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലും കൊക്കയാറിനും പുറമേ കാവാലി, പ്ലാപ്പള്ളി, പൂവഞ്ചി പ്രദേശത്തുണ്ടായത് ചെറുമേഘ സ്ഫോടനങ്ങളെന്ന്് കാലവാസ്ഥ വകുപ്പ് അധികൃതരുടെ നിഗമനം.ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ ചെറിയൊരു ഭൂപ്രദേശത്ത് തീവ്രമായി പെയ്യുന്ന മഴയാണ് മേഘസ്ഫോടനം.
ഒരു മണിക്കൂറിനുള്ളിൽ 100 മില്ലി മീറ്ററിൽ കൂടുതൽ മഴ പെയ്യുകയാണെങ്കിൽ അതിനെ മേഘസ്ഫോടനമായി കണക്കാക്കാം.ശക്തമായ കാറ്റും ഇടിമിന്നലും ഒപ്പമുണ്ടാകും. മലയോര മേഖലകളിലും മരുഭൂമികളിലുമാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. ചുരുക്കത്തിൽ മേഘങ്ങളുടെ പൊട്ടിത്തെറിയാണു മേഘസ്ഫോടനം.
ഒരു ചതുരശ്ര ഏക്കറിനുള്ളിൽ മണിക്കൂറിനുള്ളിൽ 72000 ടണ്‍ വരെ ജലം കോരിച്ചൊരിയാൻ മേഘസ്ഫോടനത്തിനു കഴിയും. സാധാരണയായി ഏതാനും സമയത്തേക്കു മാത്രമേ മേഘസ്ഫോടനം വഴിയുള്ള മഴ നീണ്ടുനിൽക്കുകയുള്ളൂ. ഭൗമോപരിതലത്തിൽനിന്നും 15 കിലോമീറ്റർവരെ ഉയരത്തിൽ കാണപ്പെടുന്ന ക്യൂമുലോ നിംബസ് മേഘങ്ങളാണ് മേഘസ്ഫോടനത്തിന് കാരണമാകുന്നത്.
കാലവസ്ഥാ വ്യതിയാനം, അശാസ്ത്രീയമായ വനവത്കരണം, മണ്‍സൂണ്‍ പ്രഭാവം, സമുദ്ര ജലോപരിതലത്തിലെ താപ നിലയിൽ പെട്ടന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ എന്നിവ മേഘസ്ഫോടനത്തിനു കാരണമാകുന്നു.
ഉരുൾപൊട്ടൽ മേഖലയിൽ പെയ്തത് അതിതീവ്ര മഴ
മുണ്ടക്കയം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കു പ്രകാരം ഉരുൾപൊട്ടലും വെളളപ്പൊക്കവുമുണ്ടായ കൂട്ടിക്കൽ, കാവാലി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ പ്രദേശങ്ങളിൽ പെയതത് അതീത്രീവ മഴ.
ഏറ്റവും കൂടുതൽ മഴ പെയ്തത് പീരുമേട്ടിലാണ്. 240.5 മില്ലീ മീറ്റർ മഴയാണ് പീരുമേട്ടിൽ പെയ്തത്.പൂഞ്ഞാറിൽ 146.5 മില്ലിമീറ്റർ, കാഞ്ഞിരപ്പള്ളിയിൽ 142 മില്ലിമീറ്റർ മഴയും ഈരാറ്റുപേട്ടയിൽ 141 മില്ലിമീറ്റർ മഴയും ശനിയാഴ്ച പെയ്തതയാണ് കണക്ക്.