ദുബായ്: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം.
സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ 188/5. ഇന്ത്യ 19 ഓവറിൽ 192/3. ഇംഗ്ലണ്ടിനായി മൊയീൻ അലി (20 പന്തിൽ 43 നോട്ടൗട്ട്), ലിയാം ലിവിംഗ്സ്റ്റണ് (20 പന്തിൽ 30), ജോണി ബെയർസ്റ്റൊ (36 പന്തിൽ 49) എന്നിവരാണ് തകർത്തടിച്ചത്.
ഇന്ത്യക്കായി ഓപ്പണിംഗിനിറങ്ങിയത് കെ.എൽ. രാഹുലും ഇഷാൻ കിഷനും. രാഹുൽ 24 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും അടക്കം 51 റണ്‍സ് അടിച്ചശേഷമാണ് പുറത്തായത്.
നേരിട്ട 36-ാം പന്തിൽ ഇഷാൻ കിഷനും അർധസെഞ്ചുറിയിലെത്തി. 46 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറും അടക്കം 70 റൺസ് അടിച്ച ഇഷാൻ കിഷൻ റിട്ടയേർഡ് ഹർട്ട് ആയി.
മൂന്നാം നന്പറായെത്തിയ വിരാട് കോഹ്ലി (12 പന്തിൽ 11) നിരാശപ്പെടുത്തി. ഋഷഭ് പന്ത് (14 പന്തിൽ 29 നോട്ടൗട്ട്), ഹാർദിക് പാണ്ഡ്യ (10 പന്തിൽ 12 നോട്ടൗട്ട്) എന്നിവരുടെ അവസരോചിത ഇന്നിംഗ്സിൽ ഇന്ത്യ ഒരു ഓവർ ബാക്കിനിൽക്കേ ജയം സ്വന്തമാക്കി.
പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക ജയിച്ചു
ട്വന്റി-20 ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും ജയം സ്വന്തമാക്കി. പാക്കിസ്ഥാൻ വെസ്റ്റ് ഇൻഡീസിനെ ഏഴു വിക്കറ്റിനും ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ 41 റണ്‍സിനുമാണു കീഴടക്കിയത്.
ടോസ് ജയിച്ച വിൻഡീസിനെ പാക് ബൗളർമാർ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 130ൽ ഒതുക്കി. ബാറ്റിംഗിൽ ക്യാപ്റ്റനും ട്വന്റി-20 ലോക ഒന്നാം നന്പർ ബാറ്ററുമായ ബാബർ അസം (41 പന്തിൽ 50), ഫഖാർ സമാൻ (24 പന്തിൽ 46 നോട്ടൗട്ട്) എന്നിവർ തിളങ്ങി.
അഫ്ഗാനിസ്ഥാനെതിരേ ടോസ് ജയിച്ച് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക എയ്ഡെൻ മാർക്രം (48), തംബ ബൗമ (31), വാൻ ഡെർ ഡസെൻ (21) എന്നിവരിലൂടെ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 145 റണ്‍സ് നേടി. അഫ്ഗാനിസ്ഥാന്റെ മറുപടി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 104ൽ അവസാനിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കായി തബ്രൈസ് ഷാംസി നാല് ഓവറിൽ 18 റണ്‍സിനു മൂന്നു വിക്കറ്റ് വീഴ്ത്തി.