പീരുമേട്: പെരുവന്താനം -ആനചാരി റോഡില്‍ ഗതാഗതം തടസപ്പെട്ടിട്ട് ഇന്നു നാലാം ദിവസത്തിലേക്കു കടക്കുമ്പോള്‍ തിരിഞ്ഞുനോക്കാതെ അധികൃതര്‍.
ഈ റോഡിനെ ആശ്രയിച്ചു കഴിയുന്ന അഞ്ഞൂറിലേറെ കുടുംബങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു പോലും വലയുന്ന അവസ്ഥയിലാണ്.
ശനിയാഴ്ചയുണ്ടായ മഴയില്‍ റോഡില്‍ പത്തിലേറെ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടലുകളുണ്ടായത്.
ഇവിടങ്ങളിലെല്ലാം കൂറ്റന്‍ പാറകളും മണ്ണും വന്നു പതിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ റോഡ് പൂര്‍ണമായി ഒലിച്ചു പോയി.
മറ്റു ചില സ്ഥലങ്ങളില്‍ വന്‍ മരക്കൊമ്പുകളും വൃക്ഷങ്ങളുടെ ശിഖരങ്ങളും ഒഴുകിയെത്തി. റോഡിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റുകള്‍ ഏറെയും നിലംപൊത്തി.
കൂറ്റന്‍ പാറകള്‍ വഴിയില്‍ കിടക്കുന്നതിനാല്‍ എന്തെങ്കിലും ആവശ്യത്തിനു നടന്നു പോലും പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍.
പെരുവന്താനത്തു തുടങ്ങി ആനചാരി വഴി അഴങ്ങാട്ടില് അവസാനിക്കുന്ന അഞ്ചു കിലോമീറ്റര്‍ റോഡാണ് ഒറ്റ ദിവസത്തെ മഴയില്‍ പൂര്‍ണമായി തകര്‍ന്നത്.
ഈ റോഡും ഇതുവഴി സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസും മാത്രമാണ് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ഏക യാത്രാമാര്‍ഗം.
ഓട്ടോറിക്ഷകളെ ആശ്രയിക്കാറുണ്ടെങ്കിലും ഇപ്പോള്‍ പെരുവന്താനം പള്ളി ജംഗ്ഷനില്‍ വരെ മാത്രമാണ് ഓട്ടോറിക്ഷകള്‍ക്ക് എത്താന്‍ കഴിയുക.
വയോധികര്‍, രോഗികള്‍ തുടങ്ങി ആശുപത്രികളില്‍ പോകേണ്ടവരും അപ്രതീക്ഷിത അസുഖങ്ങളൊന്നും ഉണ്ടാകരുതേയെന്ന പ്രാര്‍ഥനയില്‍ കഴിയുകയാണ്.
രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വത്തില്‍ നിന്ന് ആരും പ്രദേശത്തേക്കു തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എല്ലാവരും കൊക്കയാറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
ജീവന് നഷ്ടമായില്ലെങ്കിലും അതിനേക്കാള്‍ ഭയാനക ദുരന്തമാണ് ആനചാരി, അഴങ്ങാട് മേഖലകളിലെന്നു നാട്ടുകാര്‍ പറയുന്നു.
ജില്ലാ പഞ്ചായത്ത് അനുവദിച്ച 28 ലക്ഷം രൂപ ഉപയോഗിച്ചു വികസന പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിക്കാനിരിക്കേയാണ് റോഡിന്റെ തകര്‍ച്ച.
എന്നാല്‍, റോഡ് പൂര്വാവസ്ഥയിലാക്കണമെങ്കില് പോലും ഈ തുക പര്യാപ്തമാകില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അടിയന്തരമായി യാത്രാമാര്‍ഗം തുറന്നു നല്‍കണമെന്നാണു നാട്ടുകാരുടെ ആവശ്യം.