നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആറു കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത കേസിൽ തുടരന്വേഷണം നടത്തുന്ന അന്വേഷണ ഏജൻസിയെ സംബന്ധിച്ച് അവ്യക്തത തുടരുന്നു.
നൈജീരിയൻ സ്വദേശിനികളായ കാനെ സിംപോ ജൂലി (21), ഇഫോമ ക്യൂൻ അനോസി (33) എന്നിവരാണ് കഴിഞ്ഞ ശനിയാഴ്ച്ച നെടുമ്പാശേരിയിൽ പിടിയിലായത്.
എമിഗ്രേഷൻ വിഭാഗം നൽകിയ വിവരത്തെ തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗം (ഡിആർഐ) അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ തുടരന്വേഷണം സാധാരണയായി നാർക്കോട്ടിക് ബ്യൂറോയ്ക്ക് കൈമാറുകയാണ് ചെയ്യുന്നത്.
എന്നാൽ ഈ കേസ് ഇതുവരെ നാർക്കോട്ടിക് ബ്യൂറോയ്ക്ക് കൈമാറിയിട്ടില്ലെന്നാണ് വിവരം. മയക്കുമരുന്ന് കേസിൽ തുടരന്വേഷണം നടത്താൻ ഡിആർഐയ്ക്ക് പരിമിതിയുണ്ട്.
കേസ് നാർക്കോട്ടിക് ബ്യൂറോയ്ക്ക് കൈമാറിയാൽ മാത്രമേ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കാൻ സാധിക്കുകയുള്ളു.