കേട്ടുകേള്‍വി പോലുമില്ലാത്ത ‘അദ്ഭുതങ്ങളായിരുന്നു’ കലൂരിലെ മോന്‍സന്റെ വീട്ടിലുണ്ടായിരുന്നത്.
വാഹന ശേഖരവും ആന്റിക് ശേഖരവും മോന്‍സന്റെ പരിവാരങ്ങളും കണ്ടപ്പോള്‍ ബംഗളൂരുവിലെ കൂടിക്കാഴ്ചയില്‍ മോന്സന് പറഞ്ഞ വസ്തുതകളെല്ലാം ശരിയാണെന്നുറപ്പിച്ചു.
ടിപ്പുവിന്റെ പടവാളും കൈപ്പത്തിയും നൈസാമിന്റെ വാള്, പുരാതനവും സ്വര്ണത്തിലടക്കമുള്ള വിശുദ്ധ ഗ്രന്ഥങ്ങള്‍,
ആയിരം വര്‍ഷം വരെ പഴക്കമുണ്ടെന്ന് അവകാശപ്പെട്ട മതഗ്രന്ഥങ്ങള്‍, ഛത്രപതി ശിവജി സ്വകാര്യമായി സൂക്ഷിച്ച ഭഗവത്ഗീത,
ഔറംഗസേബിന്റെ മുദ്രമോതിരം തുടങ്ങി ശതകോടി മൂല്യമുള്ള വസ്തുക്കളുടെ വിപുലമായ ശേഖരമായിരുന്നു മോന്‍സന്റെ വീട്ടില്‍ കണ്ടത്.
ഇതെല്ലാം നേരില്‍ കണ്ടതോടെ രത്ന വ്യാപാരിയാണെന്നു മോന്സന് പറഞ്ഞതു വിശ്വസിക്കാതെ തരമില്ലായിരുന്നു.
വലിയ പുള്ളികൾ
രാഷ്ട്രീയ-സിനിമ-സാമൂഹിക-വ്യവസായ രംഗത്തെ പലരും സുഹൃത്തുക്കളാണെന്നു കാണിക്കുന്ന ഫോട്ടോകളും വീഡിയോകളും മോന്സന് നിധിപോലെ സൂക്ഷിച്ചിരുന്നു.
ഇവ കാട്ടിയായിരുന്നു മോന്സനെന്ന വ്യക്തി ‘ക്ലീനാണെന്ന്’ വരുത്തി തീര്‍ത്തത്.
മോഹന്‍ലാല്‍, ശ്രീനിവാസന്, ബാല തുടങ്ങി സിനിമാ മേഖലയിലുള്ള പലരുമായും മോന്സന് അടുപ്പമുണ്ടന്നു മാവുങ്കല്‍ വീട്ടിലെത്തുന്നവർ വിശ്വസിച്ചുപോകും.
ഡിഐജി സുരേന്ദ്രനും അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധവും മുന്‍ ഡിജിപി ലോക്നാഥ് ബഹ്റ, എഡിജിപി മനോജ് ഏബ്രഹാം എന്നിവര്‍ വീട്ടില്‍ എത്തിയിരുന്നതിന്റെ തെളിവുകളും മോന്സന് കാണിച്ചു തന്നതോടെ പലരും ‘അദുഭത ലോകത്തേക്ക് ‘ വഴുതി വീഴുകയായിരുന്നു.
ആറു കോടിയില്‍ തുടക്കം
മോന്‍സനു പരാതിക്കാരനായ അനൂപ് ആറു കോടി രൂപയായിരുന്നു 2017 ജൂണ്‍ മുതല്‍ 2019 ജൂണ്‍ മാസത്തില്‍ വരെ വായ്പയായി നല്‍കിയത്.
പിന്നീടു രണ്ടു കോടി രൂപ കൂടി ആവശ്യപ്പെട്ടപ്പോള്‍ അനൂപിനു നല്കാന് കഴിഞ്ഞില്ല.
ഇതോടെ യാക്കൂബ് പുറായില്‍, എം.ടി.ഷമീര്‍ എന്നിവരെ മോന്‍സനു പരിചയപ്പെടുത്തികൊടുത്തു. യാക്കൂബും ഷമീറും പിന്നെ സലീമും ചേര്‍ന്നു നാലു കോടി രൂപ വായ്പയായി നല്കി.
ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപിയായിരിക്കെ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവച്ച പണം തിരിച്ചു ലഭിക്കുന്നതിനു വേണ്ടി ശ്രമിക്കുന്നതുള്‍പ്പെടെ നേരില്‍ കണ്ടതോടെ വന്‍ തുക വായ്പ നല്കാന് ഇവർ തയാറാവുകയായിരുന്നു.
(തുടരും)