കൊല്ലം: വാഹനപരിശോധനയ്ക്കിടെ പിടിയിലായപ്പോൾ തെറ്റായ മേല്‍വിലാസം നല്കി പോലീസിനെ കബളിപ്പിച്ച സംഭവത്തിൽ കാർ യാത്രക്കാരനെതിരെ കേസെടുത്തു.
കാട്ടാക്കട മൈലാടി സ്വദേശി നന്ദകുമാറിനെതിരെയാണ് കേസെടുത്തത്. പേര് രാമന്, അച്ഛന്റെ പേര് ദശരഥന്, സ്ഥലം അയോധ്യ എന്ന് പേരും വിലാസം നൽകിയത് സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസത്തിന് വഴിവച്ചിരുന്നു.
കഴിഞ്ഞ 12നാണ് വാഹനപരിശോധനയ്ക്കിടെ സംഭവമുണ്ടായത്. സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്തതിന് പോലീസ് 500 രൂപ പിഴ ചുമത്തിയപ്പോഴാണ് യുവാവ് തെറ്റായ മേൽവിലാസം നൽകിയത്.
നന്ദകുമാർ നൽകിയത് തെറ്റായ പേരും വിലാസവുമാണെന്ന് മനസിലായെങ്കിലും പേര് എന്തായാലും സർക്കാരിന് കാശു കിട്ടിയാൽ മതിയെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന് പറയുന്നത്.
ചടയമംഗലം പോലീസിന്റെ സീല്‍ പതിച്ച രസീതും സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ “അയോധ്യയിലെ രാമന്’ പെറ്റി നല്‍കിയെന്ന് പോലീസും സമ്മതിക്കുകയായിരുന്നു. നിയമലംഘനം ചോദ്യം ചെയ്തപ്പോള്‍ യുവാക്കള്‍ കയര്‍ത്തു.
മേല്‍വിലാസ രേഖകള്‍ നല്കാന് തയാറാകായില്ല. നിവൃത്തിയില്ലാതെ വന്നപ്പോഴാണ് യാത്രക്കാരനായ യുവാവ് പറഞ്ഞ മേല്‍വിലാസത്തില്‍ പെറ്റി നല്‍കിയതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.
പ്രതിക്കെതിരെ ഐപിസി 419, കേരള പോലീസ് ആക്ടിലെ 121, മോട്ടോർ വാഹന നിയമത്തിലെ 179 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് മുന്നും.