വടക്കഞ്ചേരി : കിഴക്കഞ്ചേരി സർക്കാർ ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ കെജിഎസ് ലോബോയ്ക്ക് വീടു പോലെതന്നെയാണ് ആശുപത്രിയും.ലോബോയുടെ വാക്കുകളിൽ പറഞ്ഞാൽ തന്റെ രണ്ടാം വീടാണ് ആശുപത്രി.
ഒരുപക്ഷേ, വീട്ടിൽ സമയം ചെലവഴിക്കുന്നതിനേക്കാൾ ലോബോയ്ക്ക് താല്പര്യം ചികിത്സാരംഗത്തെ സേവനങ്ങളിലാണ്.അതുകൊണ്ടുതന്നെ അതിരാവിലെ മൂലങ്കോടുള്ള ആശുപത്രിയിലെത്തുന്ന ലോബോ നേരമിരുട്ടുന്പോഴെ തിരിച്ചുപോകു.
കാലങ്ങളായുള്ള ശീലത്തിൽ ഉച്ചഭക്ഷണം വരെ ഉപേക്ഷിച്ചാണ് സേവനം.പല ഘട്ടങ്ങളിലും പഞ്ചായത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നപ്പോഴും ലോബോ എന്ന ഹെൽത്ത് ഇൻസ്പെക്ടർ പകച്ചുനിന്നില്ല.
പഞ്ചായത്തിന്റെയും ആശുപത്രിയിലെ ഡോക്ടർമാരുടെയും സഹപ്രവർത്തകരുടെയും ജനങ്ങളുടെയും സഹകരണവുമായി രോഗത്തെ നിയന്ത്രിച്ചുനിർത്താൻ ലോബോയുടെ ഇടപെടലുകൾ മൂലം സാധിച്ചു.
പേരും ആളെ കാണുന്പോഴും ഗൗരവക്കാരനാണെന്നും പരുക്കനാണെന്നുമൊക്കെ ലോബോയെ കാണുന്പോൾ തോന്നാമെങ്കിലും ലോബോസാർ സിന്പിളാണെന്നാണ് നാട്ടുകാരുടെ പക്ഷം.
ഇടുക്കി കുന്നപ്പിള്ളി ജോർജ്ജ് സാറാമ്മയുടെ മകൻ ലോബോ ആണ് കെജിഎസ് ലോബോ ആയത്.ചെറുപ്പത്തിൽ ലോബോ എന്ന പേര് പറയുന്പോൾ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. സ്പെല്ലിംഗ് കൂടി പറഞ്ഞാണ് പേര് ഉറപ്പിച്ചിരുന്നതെന്ന് ലോബോ പറയുന്നു.
ഈ മാസം 31ന് നാട്ടുകാരുടെ ഈ പ്രിയപ്പെട്ട ലോബോ സാർ സർവീസിൽ നിന്നും വിരമിക്കുകയാണ്.ഇരുപത്തിമൂന്നാം വയസ്സിൽ കണ്ണൂർ ഇരട്ടിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായിട്ടായിരുന്നു ജോലിയുടെ തുടക്കം.
പിന്നീട് ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്തു. ജില്ലയിൽ നെല്ലിയാന്പതി, നെന്മാറ, അയിലൂർ എന്നിവിടങ്ങളിലെ സേവനത്തിനുശേഷം നാലുവർഷം മുന്പാണ് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയത്.
കാൻസർ കെയർ ജില്ലാ കോഡിനേറ്റർ, പിരായിരിയിൽ ഡെങ്കിപ്പനി നിയന്ത്രണ മേൽനോട്ടം, വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രവർത്തകരെ പങ്കെടുപ്പിച്ച് നെല്ലിയാന്പതിയിൽ സംഘടിപ്പിച്ച നാഷണൽ ഡിസീസ് കണ്ട്രോൾ പ്രോഗ്രാം തുടങ്ങിയവയുടെയെല്ലാം ചുമതലക്കാരനായി ലോബോ മുൻനിരയിൽ നിന്നിട്ടുണ്ട്.
കിഴക്കഞ്ചേരി ആശുപത്രി വികസനത്തിനും രോഗികൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിലും ഹെൽത്ത് ഇൻസ്പെക്ടർ എന്ന നിലയിൽ ലോബോ ചെയ്ത സേവനങ്ങൾ നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.
ആശുപത്രിക്ക് മുന്നിലെ ബസ് വെയ്റ്റിംഗ് കേന്ദ്രം, ആശുപത്രികളിൽ ഇരിപ്പിടങ്ങൾ, കോവിഡ് നിയന്ത്രണ സംവിധാനങ്ങൾ, വീൽചെയറുകൾ തുടങ്ങി സർക്കാർ ആശുപത്രിയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആശുപത്രി ജനപ്രിയമാക്കുന്നതിനും നിരവധി പ്രവർത്തനങ്ങൾ നടത്തി.
ഒലിപ്പാറ കൊടികരിന്പിലാണ് ഇപ്പോൾ താമസം. ഭാര്യ ലിസിയും ആരോഗ്യരംഗത്തുണ്ട്. അയിലൂർ സർക്കാർ ആശുപത്രിയിൽ ഹെഡ് നഴ്സായി ജോലി ചെയ്യുന്നു. രണ്ട് പെണ്മക്കൾ.
മൂത്ത മകൾ അനുമോൾ എംഎസ്സി മെഡിക്കൽ ഫിസിയോളജിയിൽ ഒന്നാം റാങ്കോടെ പാസായി ഇപ്പോൾ സായിയിൽ ജോലി ചെയ്യുന്നു. ഇളയ മകൾ അനിമോൾ എൽഎൽബിക്ക് പഠിക്കുകയാണ്.