സ്വന്തം ലേഖകൻ
തൃശൂർ: ലോക് ഡൗണ്‍ കാലത്ത് നേരംപോക്കിനു തുടങ്ങിയ അലങ്കാര പാത്രനിർമാണം ജീവിതമാർഗമാക്കാനൊരുങ്ങുകയാണ് ഒരു വീട്ടമ്മ. തലക്കോട്ടുകര കുറ്റിക്കാട്ട് വീട്ടിൽ ട്രീസ പുഷ്പിയാണു കളിമണ്‍ പാത്രങ്ങളിൽ കരകൗശല അലങ്കാരങ്ങൾ ചെയ്ത് ശ്രദ്ധേയയാകുന്നത്.
വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം മികച്ച അഭിപ്രായങ്ങളും പിന്തുണയും നൽകുന്പോൾ തന്റെ കലാസൃഷ്ടികൾ ബ്രാൻഡ് ചെയ്ത് മാർക്കറ്റ്ചെയ്യാനുള്ള ഒരുക്ക ത്തി ലാണ് ട്രീസയിപ്പോൾ.
അബുദാബിയിൽ 15 വർഷം ബ്യൂട്ടി ഡിസൈനറായി ജോലി നോക്കിയ ട്രീസ എട്ടു വർഷം മുന്‍പാണു തിരിച്ചുവന്നത്. തുടർന്നു നാട്ടിൽതന്നെ ഒരു ബ്യൂട്ടിപാർലർ തുടങ്ങി.
എന്നാൽ, കോവിഡ്് ലോക് ഡൗണിൽ വീട്ടിൽ മാത്രമായി ഒതുങ്ങിയപ്പോഴാണു കളിമണ്പാത്രങ്ങളിൽ കളിമണ്ണുകൊണ്ടുതന്നെ ഡിസൈനുകൾ ചെയ്യാൻ തുടങ്ങിയത്. ചെറുതും വലുതുമായ മുപ്പതോളം പാത്രങ്ങളിൽ ഇതുവരെ ഡിസൈനുകൾ ചെയ്തുകഴിഞ്ഞു.
ബ്യൂട്ടീഷ്യൻ കോഴ്സ് പഠിച്ച് വിദേശത്തേക്കുപോയ ട്രീസ ചിത്രകലയോ, ക്ലേ മോഡലിംഗോ ഒന്നും അഭ്യസിച്ചിട്ടില്ല. മകളുടെ സ്കൂൾ പ്രൊജക്ടിന്റെ ഭാഗമായാണ് ആദ്യമായി കളിമണ്ണ് ഉപയോഗിക്കുന്നത്.
പ്രോജക്ടിനു വേണ്ടിയുണ്ടാക്കിയ മണ്‍പാത്രത്തിൽ കളിമണ്ണ് ഉപയോഗിച്ചുതന്നെ ചിത്രപ്പണി ചെയ്തു. ഇതു നന്നായെന്ന് തോന്നിയപ്പോൾ വീട്ടിലെ പഴയ കളിമണ്പാത്രങ്ങളിൽ ഡിസൈൻ ചെയ്ത് തുടങ്ങി.
ഭർത്താവ് ഷാജു പോളിന്റെയും മകൾ നൈററ്റ് റോസിന്റെയും പ്രോത്സാഹനം കൂടിയായപ്പോൾ പുതിയ പാത്രങ്ങൾ വാങ്ങി ചിത്രപ്പണികൾ തുടരുകയായിരുന്നു.
ഇപ്പോൾ പാത്രമംഗലം കോളനിയിൽ നിന്ന് കളിമണ്പാത്രങ്ങൾ ആവശ്യമുള്ള വലിപ്പത്തിലും രൂപത്തിലും പണിതു വാങ്ങുകയാണു ചെയ്യുന്നത്. ഇതിൽ അലങ്കാരപ്പണികൾ ചെയ്യാനുള്ള കളിമണ്ണും ഇവിടെ നിന്നുതന്നെ വാങ്ങുന്നു.
കരകൗശല അലങ്കാരങ്ങൾ ചെയ്ത ശേഷം മെറ്റാലിക് പെയിന്റ് ഉപയോഗിച്ച് ഭംഗിയാക്കും.മൂന്നാഴ്ച വരെയാണ് ഒരു കലാസൃഷ്ടി പൂർത്തിയാക്കാനെടുക്കുന്നത്.
അലങ്കാരപാത്ര നിർമാണത്തെക്കുറിച്ചു കൂടുതൽ അറിയുന്നതിനും ഇവ വാങ്ങുന്നതും 9961004836 എന്ന നന്പറിൽ ട്രീസയെ ബന്ധപ്പെടാം.