ഗാന്ധിനഗർ: അമ്മ വഴക്കു പറഞ്ഞെന്ന കാരണത്താൽ വീടുവിട്ടിറങ്ങിയ 11കാരനെ കണ്ടെത്തി. അതിരന്പുഴ ടൗണിലെ വ്യാപാരിയാണ് കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിച്ചത്.
ആർപ്പൂക്കര പഞ്ചായത്ത് ഒന്പതാം വാർഡിൽ താമസക്കാരനായ ആദിനാഥ്് അമ്മ വഴക്കുപറഞ്ഞെന്ന കാരണത്താൽ വീടു വിട്ടിറങ്ങുകയായിരുന്നു.
സന്ധ്യയ്ക്കു ശേഷവും കുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് ബന്ധുവീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.
തുടർന്ന് ഗാന്ധിനഗർ പോലീസിൽ പരാതി നൽകുകയും ഫേസ്ബുക്കിൽ കുട്ടിയുടെ ചിത്രം സഹിതം പ്രചരിപ്പിക്കുകയും ചെയ്തു.
അതിരന്പുഴയിലെ ഒരു വ്യാപാരി സ്ഥാപനം രാത്രി അടച്ച ശേഷം വീട്ടിലേക്കു പോകുന്പോൾ യൂണിവേഴ്സിറ്റിയുടെ മുൻവശത്തെ റോഡിൽക്കൂടി ഒരു കുട്ടി നടന്നു പോകുന്നതു ശ്രദ്ധയിൽപ്പെട്ടു.
ഫേസ്ബുക്കിൽ പ്രചരിച്ച കുട്ടിയുടെ ഫോട്ടോ വ്യാപാരിയും കണ്ടിരുന്നു. സംശയം തോന്നിയ വ്യാപാരി വാഹനം നിർത്തി കുട്ടിയോട് വിവരം തിരക്കുകയായിരുന്നു.
തുടർന്ന് വ്യാപാരി കുട്ടിയെ ബൈക്കിൽ കയറ്റി ആർപ്പൂക്കരയിലുള്ള വീട്ടിലെത്തിച്ചു. അമ്മ വഴക്കു പറഞ്ഞിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.