മല്ലപ്പള്ളി: മണിമലയാറ്റിലുണ്ടായ പ്രളയത്തിന്റെ ബാക്കിപത്രമായി പാലങ്ങള്‍ക്കടിയില്‍ മരങ്ങള്‍, മുളങ്കാടുകള്‍, മാലിന്യങ്ങള്‍ ഇവ അടിഞ്ഞതോടെ നീരൊഴുക്ക് തടസപ്പെട്ടു.
ശനിയാഴ്ച മുതലുണ്ടായ പ്രളയക്കെടുതിയില്‍ കോട്ടാങ്ങല്‍ നൂലുവേലിക്കടവ് തൂക്കുപാലത്തിനു തകരാര്‍ സംഭവിച്ചിരുന്നു.
പിന്നാലെ കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് ഒഴുകിപ്പോയി. മറ്റു പാലങ്ങള്‍ക്കടിയില്‍ ഇപ്പോള്‍ മരങ്ങള്‍, മുളങ്കാടുകള്‍, മാലിന്യങ്ങള്‍ അടക്കം കെട്ടിക്കിടന്ന് നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്.
പടുതോട് പാലത്തിനടിയില്‍ ടണ്‍ കണക്കിന് മാലിന്യങ്ങളും മുളങ്കാടുമാണ് വന്നടിഞ്ഞിരിക്കുന്നത്.
പാലത്തിനടിയില്‍ വന്നടിഞ്ഞ മുളങ്കാടുകളും മരങ്ങളും കാരണം ജലമൊഴുക്ക് തടസപ്പെട്ടതോടെയുണ്ടായ സമ്മര്‍ദത്തിലാണ് കോമളം അപ്രോച്ച് റോഡിന്റെ തകര്‍ന്നതെന്നു പറയുന്നു.
മണിമലയാറ്റില്‍ അടുത്ത ദിവസങ്ങളില്‍ വെള്ളം ഉയര്‍ന്നാല്‍ കോമളം പാലത്തിലുണ്ടായ സമാനമായ സാഹചര്യം പടുതോട് പാലത്തിലും ഉണ്ടായേക്കുമോയെന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്.
കഴിഞ്ഞദിവസം വെള്ളം ഉയര്‍ന്നപ്പോഴും പാലത്തിന്റെ തുരുത്തിക്കാട് കര വഴി കൂടുതല്‍ വെള്ളം ഒഴുകുകയും നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു.
പാലത്തിനടിയിലൂടെയുള്ള സുഗമമായ ജലമൊഴുക്ക് തടസപ്പെട്ടിരിക്കുന്നത് അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
സ്പാനുകള്‍ തമ്മില്‍ അകലം കുറവായതിനാല്‍ മരങ്ങള്‍ അടക്കം നീക്കാനും ബുദ്ധിമുട്ടുണ്ട്. 2018ലെ പ്രളയത്തില്‍ അടിഞ്ഞുകൂടിയ മരങ്ങള്‍ പാലത്തിനടിയിലുള്ളതായി പറയുന്നു. ഇതു നീക്കം ചെയ്യാന്‍ ശ്രമിച്ചിട്ടില്ല.
മണിമലയാറിനു കുറുകെയുള്ള പ്രയാറ്റുകടവ്, മഠത്തുംകടവ്, കറുത്തവടശേരിക്കടവ്, മല്ലപ്പള്ളി, കടൂര്‍ക്കടവ്, കുളത്തൂര്‍മൂഴി പാലങ്ങളിലും വന്‍തോതില്‍ മാലിന്യങ്ങളും മരങ്ങളും അടിഞ്ഞുകിടക്കുകയാണ്.
ഇവ അടിയന്തരമായി നീക്കിയില്ലെങ്കില്‍ ജലമൊഴുക്ക് തടസപ്പെടുന്നതിലൂടെ പാലത്തിനു ഭീഷണിയാകുമെന്ന ആശങ്കയുണ്ട്.