ഡല്‍ഹി-മുംബൈ വിമാനത്തില്‍ വച്ച് നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യവസായി അറസ്റ്റില്‍. സഹര്‍ പോലീസ് ഒക്ടോബര്‍ 14ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഗാസിയാബാദ് സ്വദേശി നിതിന്‍ അറസ്റ്റിലായത്.
മുംബൈയില്‍ താമസിക്കുന്ന 40കാരിയായ നടിയ്ക്കാണ് ദുരനുഭവമുണ്ടായത്. ഇവര്‍ ഒക്ടോബര്‍ ഒന്നിന് ഡല്‍ഹിയിലേക്ക് പോയിരുന്നു. ഒക്ടോബര്‍ മൂന്നിന് തിരികെ മുംബൈയിലേക്ക് മടങ്ങവെയാണ് സംഭവം.
ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ നടി തന്റെ ഹാന്‍ഡ്ബാഗ് പുറത്തെടുക്കാന്‍ ഓവര്‍ഹെഡ് സ്റ്റോറേജ് തുറക്കുമ്പോള്‍ ഇയാള്‍ അനുചിതമായി സ്പര്‍ശിച്ചെന്ന് പരാതിയില്‍ പറയുന്നു.
കൂടാതെ ഇയാള്‍ ഇവരെ തന്നിലേക്ക് പിടിച്ചുവലിക്കാനും ശ്രമിച്ചു. ഇതിനെ പ്രതിരോധിച്ച നടി വിഷയം കാബിന് ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കാബിന് ക്രൂ കസ്റ്റമര്‍ റിലേഷന്‍ സംഘത്തിന് പരാതി നല്കാന് ഇവരോടു നിര്‍ദ്ദേശിക്കുകയായിരുന്നു.
എന്നാല്‍ ഇതിനിടയില്‍ പേരുമാറ്റി രക്ഷപ്പെടാനും ഇയാള്‍ ശ്രമിച്ചു. കാബിന് ക്രൂ ഇയാളുടെ പേര് ചോദിച്ചപ്പോള്‍ സഹയാത്രികന്റെ പേരാണ് ഇയാള്‍ ആദ്യം പറഞ്ഞത്.
രാജീവ് എന്നയാളുടെ പേരാണ് നല്‍കിയിരുന്നത്. അതേദിവസം രാത്രി തന്നെ നടി എയര്‍ലൈന്‍ കമ്പനിക്ക് മെയില്‍ വഴി പരാതി നല്കി.
തുടര്‍ന്ന് നടി വെര്‍സോവ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തി. എന്നാല്‍, സംഭവം അവരുടെ അധികാരപരിധിയില്‍ അല്ലാത്തതിനാല്‍ സഹര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പോലീസ് എയര്‍ ലൈന്‍ കമ്പനിയോട് രാജീവിന്റെ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു.
പോലീസ് രാജീവിനെ തേടി എത്തിയപ്പോള്‍ ഇയാള്‍ നിരപരാധിത്വം വ്യക്തമാക്കി.
പിന്നീട് ഇയാളുടെ അടുത്തുണ്ടായിരുന്ന നിതിനാണ് പ്രതിയെന്ന് മനസ്സിലാക്കുകയായിരുന്നു.രാജീവ് അയച്ചുകൊടുത്ത ഫോട്ടോയില്‍നിന്ന് നടി പ്രതിയെ തിരിച്ചറിയുകയും ചെയ്തു. വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.
ഗാസിയാബാദില്‍ നിന്നുള്ള വ്യവസായിയാണ് 36 കാരനായ നിതിന്‍. ഒക്ടോബര്‍ 14നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ നടിയുടെ മൊഴിയെടുക്കാന്‍ മജിസ്ട്രേറ്റിന് അപേക്ഷയും നല്കി.