കടുത്തുരുത്തി : റോഡില്‍നിന്നു കളഞ്ഞുകിട്ടിയ പണം ഉടമയെ തിരികെയേല്‍പ്പിച്ചു ക്ഷേത്ര ജീവനക്കാരന് മാതൃകയായി.
പെരുവ പൈക്കര ക്ഷേത്രത്തിലെ ജീവനക്കാരനായ പെരുവ കുറുവേലിക്കുഴിയില് മധുസൂദനനാണ് വഴിയില്‍ കിടന്നു കിട്ടിയ പണം ഉടമയെ കണ്ടെത്തി തിരികെ നല്‍കിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം പെരുവ ടൗണിലുള്ള പൂവത്തുകുഴിയില് പ്രകാശന്റെ കടയുടെ മുന്‍വശത്ത് നിന്നാണ് 500 രൂപയുടെ ഒരു കെട്ട് നോട്ടുകള്‍ മധുസൂദനന് ലഭിച്ചത്.
സമീപത്തെ കടകളിലും വഴിയാത്രക്കാരോടും പണത്തിന്റെ ഉടമയെത്തേടി നടക്കുന്നതിനിടെയാണ് കുന്നപ്പിള്ളി സ്വദേശിയായ മണിയുടെ പണമാണ് നഷ്ടപ്പെട്ടതെന്ന് അറിഞ്ഞത്.
തുടര്‍ന്ന് നാട്ടുകാരുടെ സാന്നിധ്യത്തില്‍ തുക മധുസൂദനന് മണിക്കു കൈമാറി. കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്ക് കൂലി നല്കുവാന് കൊണ്ടുപോകുകയായിരുന്ന 40,000 രൂപയാണ് മണിയുടെ കൈയില്‍ നിന്നു നഷ്ടപ്പെട്ടത്.
ക്ഷേത്രത്തില്‍ എണ്ണയും പൂജാസാധനങ്ങളും വില്ക്കുന്നതോടൊപ്പം അമ്പലത്തില്‍ മാലകെട്ടും മറ്റു ജോലികളും ചെയ്യുകയാണ് മധുസൂദനന്.